
തിരുവനന്തപുരം: ബംഗളൂർ മേഖലാ റിക്രൂട്ടിംഗ് ആസ്ഥാനത്തിന്റെ നേതൃത്വത്തിൽ തിരുവനന്തപുരം ആർമി റിക്രൂട്ടിംഗ് ഓഫീസും കോഴിക്കോട് ആർമി റിക്രൂട്ടിംഗ് ഓഫീസും സംയുക്തമായി 26 മുതൽ മാർച്ച് 12 വരെ കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ കരസേന റിക്രൂട്ട്‌മെന്റ് റാലി നടത്തും.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ഏഴ് തെക്കൻ ജില്ലകളിലുള്ളവർക്കായി തിരുവനന്തപുരം ആർമി റിക്രൂട്ടിംഗ് ഓഫീസ് 26 മുതൽ മാർച്ച് 5 വരെയും തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ഏഴ് വടക്കൻ ജില്ലകളിലുള്ളവർക്ക് വേണ്ടി കോഴിക്കോട് ആർമി റിക്രൂട്ടിംഗ് ഓഫീസ് മാർച്ച് 6 മുതൽ 12 വരെയും ആണ് റാലി നടത്തുന്നത്.
സോൾജിയർ ജനറൽഡ്യൂട്ടി, സോൾജിയർ ടെക്നിക്കൽ, സോൾജിയർ ക്ലാർക്ക്/സ്റ്റോർകീപ്പർ ടെക്നിക്കൽ/ഇൻവെന്ററി മാനേജ്‌മെന്റ്, സോൾജിയർ ട്രേഡസ്‌മെൻ, സോൾജിയർ ടെക്നിക്കൽ-നഴ്സിംഗ് അസിസ്റ്റന്റ്/നഴ്സിംഗ് അസിസ്റ്റന്റ്-വെറ്റിനറി, മത-അദ്ധ്യാപകർ തസ്തികകളിലേക്കാണ് റാലി നടത്തുന്നത്.
48 മണിക്കൂറിനുള്ളിൽ എടുത്ത കൊവിഡ് ടെസ്റ്റ് നെഗറ്റീവ് സർട്ടിഫിക്കറ്റ്/ലക്ഷണങ്ങളില്ല എന്ന സർട്ടിഫിക്കറ്റ് ഉള്ളവരെ മാത്രമേ റാലിയിൽ പങ്കെടുക്കാൻ അനുവദിക്കുകയുള്ളൂ.