c

തിരുവനന്തപുരം: പറക്കുന്നതിനിടെ ഹൈഡ്രോളിക് തകരാറുണ്ടായ എയർഇന്ത്യ എക്‌സ്‌പ്രസ് വിമാനത്തിന് എമർജൻസി ലാൻഡിംഗ് പ്രഖ്യാപിച്ചതോടെ, യുദ്ധസമാനമായ തയ്യാറെടുപ്പുകളാണ് സജ്ജമാക്കിയത്. എയർപോർട്ട് അതോറിട്ടി ബി- കാറ്റഗറി എമർജൻസി പ്രഖ്യാപിച്ച്, സിറ്റി പൊലീസ്, ഫയർഫോഴ്സ്, ആശുപത്രികൾ എന്നിവയ്ക്ക് ജാഗ്രതാനിർദ്ദേശം നൽകി. എയർപോർട്ട് അധികൃതരുടെ വിളി കാത്ത് ഫയർഫോഴ്സ് യൂണിറ്റുകളും പൊലീസും വിമാനത്താവളത്തിനു പുറത്ത് കാത്തുനിന്നു. ആശുപത്രികളിൽ കൂടുതൽ എമർജൻസി സൗകര്യങ്ങളൊരുക്കി. എല്ലാ ഏജൻസികളുടെയും പ്രവർത്തനം ഏകോപിപ്പിച്ചത് ഏപ്രൺ കൺട്രോളാണ്. വിമാനമെത്തും മുമ്പേ, വിമാനത്താവള അതോറിട്ടിയുടെ അത്യാധുനിക ഫയർ എൻജിനായ ക്രാഷ് ഫയർ ടെൻഡർ പാന്തർ അഞ്ചെണ്ണം റൺവേയുടെ വശങ്ങളിൽ നിലയുറപ്പിച്ചു. ചാക്ക, ചെങ്കൽചൂള ഫയർ സ്റ്റേഷനുകളിൽ നിന്ന് മൂന്ന് ഫയർ യൂണിറ്റുകളെത്തി വിമാനത്താവളത്തിനു പുറത്തെത്തി. വിമാനം ലാൻഡ് ചെയ്‌ത ശേഷം കൺട്രോൾ ടവറിന്റെ അനുമതിയോടെ നിശ്ചിത അകലത്തിൽ പാന്തർ യൂണിറ്റുകൾ വിമാനത്തെ പിന്തുടർന്നു. പിൻഭാഗത്തെ ചക്രത്തിനടിയിൽ നിന്ന് പുകയുയർന്നതോടെ, പാന്തറിൽ നിന്ന് ശക്തിയോടെ വെള്ളം ചീറ്റിച്ച് പുക ശമിപ്പിച്ചു. വിമാനവും അത് നിലത്തിറങ്ങിയ റൺവേയും ഏപ്രൺ കൺട്രോൾ പരിശോധിച്ചു. റൺവേക്ക് കേടുപാടുണ്ടെങ്കിൽ അടച്ച ശേഷം എല്ലാ വിമാനങ്ങൾക്കും പൈലറ്റുമാർക്കും മുന്നറിയിപ്പ് സന്ദേശം നൽകുകയും വിമാനക്കമ്പനികൾക്ക് നിർദ്ദേശങ്ങൾ നൽകുകയും ചെയ്യും. എന്നാൽ വിമാനം ലാൻഡ് ചെയ്‌തപ്പോൾ റൺവേക്ക് തകരാറുണ്ടായിട്ടില്ല. യാത്രക്കാരെ പുറത്തിറക്കി, വിമാനം റിമോട്ട് ബേയിലേക്ക് മാറ്റും വരെ പാന്തർ സർവസജ്ജമായി നിന്നു. എയർഇന്ത്യ മെയിന്റനൻസ് ഹാംഗറിൽ നിന്നുള്ള എൻജിനിയർമാരെത്തി വിമാനം പരിശോധിച്ച് അഗ്നിബാധയുണ്ടാവില്ലെന്ന് ഉറപ്പാക്കിയ ശേഷമാണ് അതീവജാഗ്രത പിൻവലിച്ചത്.