
ആറ്റുകാൽ അംബാ പുരസ്‌കാരം നെടുമുടി വേണുവിന് നൽകി
തിരുവനന്തപുരം : ദേവിയെ കാപ്പുകെട്ടി കുടിയിരുത്തിയതോടെ ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന് തുടക്കമായി. കുംഭത്തിലെ കാർത്തിക നക്ഷത്രമായ ഇന്നലെ രാവിലെ 9.45നാണ് കാപ്പുകെട്ടി കുടിയിരുത്തൽ ചടങ്ങ് നടന്നത്. കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ചായിരുന്നു ചടങ്ങുകളെല്ലാം. ഇതേസമയം പുറത്തെ പന്തലിൽ തോറ്റംപാട്ടുകാർ കണ്ണകി ചരിതം പാട്ടി തുടങ്ങി. ആൾക്കൂട്ടത്തിന് നിയന്ത്രണമുണ്ടെങ്കിലും നിരവധി പേർ ദർശനത്തിനെത്തി. പഞ്ചലോഹത്തിൽ നിർമ്മിച്ച രണ്ടു കാപ്പുകളാണ് കെട്ടിയത്. ക്ഷേത്രം തന്ത്രി തെക്കേടത്ത് കുഴിക്കാട്ടില്ലത്ത് പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാട് കാപ്പുകളിലൊന്ന് ഭഗവതിയുടെ ഉടവാളിലും മറ്റൊന്ന് മേൽശാന്തി പി. ഈശ്വരൻ നമ്പൂതിരിയുടെ കൈയിലും കെട്ടി. പുണ്യാഹം തളിച്ച് ശുദ്ധിവരുത്തിയശേഷമാണ് തന്ത്രി കാപ്പണിയിച്ചത്. വൈകിട്ട് 6.30ന് പ്രധാന വേദിയായ അംബാ ഓഡിറ്റോറിയത്തിൽ കലാപരിപാടികളുടെ ഉദ്ഘാടനം നടൻ നെടുമുടി വേണു നിർവഹിച്ചു. ആറ്റുകാൽ അംബാ പുരസ്‌കാരം അദ്ദേഹത്തിന് സെക്രട്ടറി കെ. ശിശുപാലൻ നായർ സമ്മാനിച്ചു. രാത്രി വിവിധ കരകളിൽ നിന്നും അലങ്കരിച്ച വിളക്കുകെട്ടുകൾ ക്ഷേത്രത്തിലേക്ക് എഴുന്നെള്ളിച്ചു. കൊവിഡ് നിയന്ത്റമുള്ളതിനാൽ ഘോഷയാത്രകൾ ഒഴിവാക്കി മുൻകൂട്ടി അറിയിച്ചത് പ്രകാരം ലോറികളിൽ എത്തിച്ച വിളക്കുകെട്ടുകളുമായി ഭക്തർ നിയന്ത്രണത്തോടെ ക്ഷേത്രം വലംവച്ച് മടങ്ങി. ക്ഷേത്രം വക കുത്തിയോട്ടത്തിന്റെ വ്രതം ഞായറാാഴ്ച ആരംഭിക്കും. 27നാണ് പൊങ്കാല. കൊവിഡ് വ്യാപനത്തെ തുടർന്ന് ക്ഷേത്രത്തിലെ പണ്ടാരയടുപ്പിൽ മാത്രമായിരിക്കും പൊങ്കാല. കുത്തിയോട്ടം പണ്ടാ ഓട്ടംമാത്രമായി നടത്തും. രാത്രി പുറത്തെഴുന്നെള്ളത്ത്. മണക്കാട് ശാസ്താക്ഷേത്രത്തിലെത്തി രാത്രി തന്നെ മടക്കയെഴുന്നെള്ളത്ത്. 28ന് അർദ്ധരാത്രി നടക്കുന്ന കുരുതി തർപ്പണത്തോടെ ഇക്കൊല്ലത്തെ ആറ്റുകാൽ ഉത്സവം അവസാനിക്കും.