
തിരുവനന്തപുരം: സദ്ഭരണത്തിനും വികസനത്തിനും മതമോ ജാതിയോ വംശമോ ലിംഗമോ ഭാഷയോ ഇല്ല, വികസനം എല്ലാവർക്കുമുള്ളതാണ്, എല്ലാവർക്കുമൊപ്പം, എല്ലാവർക്കും വികസനമെന്നതാണ് നമ്മുടെ ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.
കേരളത്തിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും ശിലാസ്ഥാപനവും വീഡിയോ കോൺഫറൻസിലൂടെ നിർവഹിക്കുകയായിരുന്നു അദ്ദേഹം.
2000 മെഗാവാട്ട് പുഗലൂർ - തൃശൂർ പവർ ട്രാൻസ്‌മിഷൻ പദ്ധതി, കാസർകോട്ടെ 50 മെഗാവാട്ട് സോളാർ പദ്ധതി, തിരുവനന്തപുരത്ത് 37 കിലോ മീറ്റർ സ്‌മാർട്ട് റോഡ്, തിരുവനന്തപുരം ഇന്റഗ്രേറ്റഡ് കമാൻഡ് ആൻഡ് കൺട്രോൾ സെന്റർ എന്നിവയ്‌ക്കാണ് പ്രധാനമന്ത്രി തുടക്കമിട്ടത്.
കേരളത്തിലെ ജനങ്ങളുടെ എല്ലാമേഖലയിലുള്ള വികസനത്തിനുള്ള തുടക്കമാണിതെന്ന് പ്രധാനമന്ത്രി പറഞ്ഞു. പുഗലൂർ - തൃശൂർ ഹൈവോൾട്ടേജ് ഡയറക്‌ട് കറണ്ട് സംവിധാനം ദേശീയ ഗ്രിഡിൽ കേരളത്തിലെ ആദ്യ പദ്ധതിയാണ്. വൻതോതിലുള്ള വൈദ്യുതി പ്രസരണം സാദ്ധ്യമാക്കുന്ന പദ്ധതിയാണിത്. അതുപോലെ പ്രസരണം സന്തുലിതമാക്കാനുള്ള വോൾട്ടേജ് സോഴ്സ് കൺവെർട്ടർ സങ്കേതവും രാജ്യത്ത് ആദ്യമാണ്. ആത്മനിർഭർ ഭാരത് പദ്ധതിയിൽ വികസിപ്പിച്ചതാണിത്. ദേശീയ ഗ്രിഡിനെയും അന്തർസംസ്ഥാന വൈദ്യുതിയേയും ആശ്രയിക്കുന്ന കേരളത്തിന് ഇത് വലിയ സഹായമാകും.
സ്മാർട്ട് സിറ്റി പദ്ധതി കൊച്ചിക്കും തിരുവനന്തപുരത്തിനും വളർച്ചയുണ്ടാക്കി. 773 കോടിയുടെ 27 പദ്ധതികൾ പൂർത്തിയായി. 2000 കോടിയുടെ 68 പദ്ധതികൾ നടക്കുന്നു. അമൃത് പദ്ധതിയിൽ കേരളത്തിൽ 1100 കോടിയുടെ 175 കുടിവെള്ള പദ്ധതികളാണ് നടപ്പാക്കുന്നത്. അരുവിക്കരയിൽ 70കോടിയുടെ ശുദ്ധജല പ്ളാന്റാണ് കമ്മിഷൻ ചെയ്തത്. പതിമ്മൂന്ന് ലക്ഷം ജനങ്ങൾക്ക് ഇതിന്റെ പ്രയോജനം കിട്ടും. തിരുവനന്തപുരം നഗരവാസികൾക്ക് ദിവസം 50 ലിറ്റർ വെള്ളം കൂടുതൽ കിട്ടും. മത്സ്യത്തൊഴിലാളകൾക്ക് കിസാൻ ക്രെഡിറ്റ് കാർഡ് ബാധകമാക്കും. അവർക്ക് കൂടുതൽ വായ്പ കിട്ടാൻ സഹായിക്കും.
ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്രമന്ത്രിമാരായ രാജ്കുമാർ സിംഗ്, ഹർദീപ് സിംഗ് പുരി , സംസ്ഥാന മന്ത്രിമാരായ എ.സി.മൊയ്തീൻ, കടകംപള്ളി സുരേന്ദ്രൻ, മേയർ ആര്യ രാജേന്ദ്രൻ, എം.എൽ.എ മാരായ വി.എസ്. ശിവകുമാർ,ഒ.രാജഗോപാൽ, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാർ തുടങ്ങിയവരും പങ്കെടുത്തു.
ജാതി ചോദിക്കുന്നില്ല ഞാൻ സോദരി...
കുമാരനാശാനെ ഉദ്ധരിച്ച് മോദി
തിരുവനന്തപുരം:കുടിനീരിൽ പോലും ജാതി വിഷം കലർന്ന ഇരുണ്ട കാലത്തെ വരച്ചിട്ട, കുമാരനാശാന്റെ ചണ്ഡാലഭിക്ഷുകി കാവ്യത്തിലെ വിഖ്യാതമായ വരികളുദ്ധരിച്ചാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിന്റെ വികസന പദ്ധതികൾക്ക് തുടക്കം കുറിച്ചത്.
കുമാരനാശാൻ പാടിയത് പോലെ 'ജാതിചോദിക്കുന്നില്ല ഞാൻ സോദരി, ചോദിക്കുന്നു നീർ നാവു വരണ്ടഹോ...' വികസനത്തിനും സംശുദ്ധ ഭരണത്തിനും ജാതിയും മതവും വർഗവും ലിംഗവും മതവും ഭാഷയും അറിയേണ്ട. എല്ലാവരുടയും വിശ്വാസം. അതാണ് വേണ്ടത്. വികസനത്തിനായി കേരളത്തിലെ ജനങ്ങളുടെ പിന്തുണ തേടുന്നതായും അദ്ദേഹം പറഞ്ഞു.
കേന്ദ്രത്തിന് നന്ദി പറഞ്ഞ് മുഖ്യമന്ത്രി
തിരുവനന്തപുരം:ഊർജ്ജ മേഖലയിൽ കഴിഞ്ഞ നാലേമുക്കാൽ വർഷത്തിൽ കുതിച്ചുചാട്ടമുണ്ടായതായും കേന്ദ്രസഹായത്തിന് നന്ദിയുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പുഗലൂർ–തൃശൂർ എച്ച് വി ഡി സി ലൈൻ, അരുവിക്കര ജലശുദ്ധീകരണ ശാല എന്നിവയുടെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
4000 കോടി ചെലവുള്ള എച്ച് വി ഡി സി ലൈൻ പൂർത്തിയാക്കിയതിൽ സന്തോഷമുണ്ട്. പൈവളിഗയിൽ 50 മെഗാവാട്ടിന്റെ സൗരോർജനിലയവും പൂർത്തിയാക്കി. അരുവിക്കരയിൽ കുടിവെള്ള പ്ലാന്റ് പ്രവർത്തിക്കുന്നതോടെ തിരുവനന്തപുരം നഗരത്തിലെ പത്ത് ലക്ഷം പേർക്ക് പ്രതിദിന ജല ലഭ്യത 100ലിറ്ററിൽ നിന്ന് 150 ലിറ്ററായി ഉയരും. ഈ സർക്കാർ 13 ലക്ഷം കുടിവെള്ള കണക്ഷനുകൾ നൽകി. ഗ്രാമീണ മേഖലയിലെ 21.42 ലക്ഷം കുടുംബങ്ങൾക്ക് പൈപ്പ് വെള്ളം നൽകാനുള്ള പദ്ധതിക്ക് തുടക്കമിട്ടു. സ്മാർട്ട് സിറ്റിയുടെ ഭാഗമായി തിരുവനന്തപുരം നഗരത്തിൽ 1135 കോടിയുടെ പ്രവർത്തനങ്ങളാണ് നടത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.