
തിരുവനന്തപുരം : ശാസ്ത്രീയ സംഗീതത്തിനുള്ള സംസ്ഥാന സർക്കാരിന്റെ സ്വാതി പുരസ്‌കാരത്തിന് ഡോ. കെ. ഓമനക്കുട്ടിയും നാടകത്തിനുള്ള എസ്.എൽ. പുരം സദാനന്ദൻ പുരസ്‌കാരത്തിന് ഇബ്രാഹിം വേങ്ങരയും അർഹരായി. രണ്ട് ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്നതാണ് സ്വാതി പുരസ്‌കാരം. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് എസ്.എൽ. പുരം സദാനന്ദൻ പുരസ്‌കാരം. ശാസ്ത്രീയസംഗീതത്തിന് കേരളത്തിൽ സ്വീകാര്യതലഭിക്കാനായി അക്കാഡമിക് രംഗത്തും സംഗീതാവതരണരംഗത്തും നൽകി സംഭാവനകൾ പരിഗണിച്ചാണ് ഓമനക്കുട്ടിക്ക് സ്വാതി പുരസ്കാരം നൽകുന്നത്.
സാംസ്‌കാരിക കാര്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി റാണിജോർജ്, സ്വാതി തിരുനാൾ സംഗീതകോളേജ് പ്രിൻസിപ്പൽ ആർ. ഹരികൃഷ്ണൻ, പാറശ്ശാല രവി, കണ്ണൂർ സർവകലാശാല സംഗീത വിഭാഗം മേധാവി ഡോ. എൻ. മിനി എന്നിവരടങ്ങിയ ജൂറിയാണ് സ്വാതി പുരസ്കാരം നിർണയിച്ചത്.
നിരവധി പ്രതിസന്ധികളെ നേരിട്ട് ആറ് പതിറ്റാണ്ടായി നാടക രചയിതാവ്, സംവിധായകൻ, അഭിനേതാവ് എന്നീ നിലകളിലെ പ്രവർത്തനത്തിനുള്ള ആദരവായാണ് ഇബ്രാഹിം വേങ്ങരയ്ക്ക് പുരസ്കാരം. സാംസ്‌കാരിക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി റാണിജോർജ്, കേരള സംഗീത നാടക അക്കാഡമി സെക്രട്ടറി കെ.പി. മോഹനൻ, കരിവെള്ളൂർ മുരളി, പ്രൊഫ. പി. ഗംഗാധരൻ, പ്രിയനന്ദനൻ എന്നിവരടങ്ങിയ ജൂറിയാണ് പുരസ്‌കാരം നിർണയിച്ചത്.