
തിരുവനന്തപുരം: ഇന്നലെ തിരുവനന്തപുരത്ത് എമർജൻസി ലാൻഡിംഗ് നടത്തിയ എയർ ഇന്ത്യ എക്സ്‌പ്രസ് വിമാനത്തിന് ഹൈഡ്രോളിക് ഓയിൽ ലീക്കുണ്ടായി പുക ഉയർന്നത് ആദ്യ സംഭവമല്ല.
കന്യാകുമാരി മുൻ എം.പി എച്ച്. വസന്തകുമാർ സഞ്ചരിച്ച സ്പൈസ് ജെറ്റിന്റെ ചെന്നൈ- തൂത്തുക്കുടി വിമാനം പുകയിൽ മൂടി. തിരുവനന്തപുരത്തേക്ക് തിരിച്ചുവിട്ട് എമർജൻസി ലാൻഡിംഗിനൊരുങ്ങിയെങ്കിലും സാദ്ധ്യമായില്ല. പിന്നീട് തൂത്തുക്കുടി എയർപോർട്ടിലാണ് എമർജൻസി ലാൻഡിംഗ് നടത്തിയത്. എൻജിന്റെ ചൂടായ സ്ഥലത്ത് ഓയിൽ വീണ് ഉണ്ടായ പുക ഫയർ യൂണിറ്റാണ് ശമിപ്പിച്ചത്. എമർജൻസി വാതിൽ തുറന്നാണ് യാത്രക്കാരെ പുറത്തിറക്കിയത്.
കൊച്ചിയിൽ നിന്ന് ദുബായിലേക്ക് 220 യാത്രക്കാരുമായി പോയ എമിറേറ്റ്സ് വിമാനവും ബംഗളുരു-ഡൽഹി സ്പൈസ് ജെറ്റ് വിമാനവും ഹൈഡ്രോളിക് തകരാറ് കാരണം എമർജൻസി ലാൻഡിംഗ് നടത്തിയിട്ടുണ്ട്.
പറക്കലിനിടെ എൻജിനിൽ നിന്ന് പുക ഉയരുന്ന സംഭവങ്ങളും ഉണ്ട്. കോയമ്പത്തൂരിൽ നിന്ന് പറന്ന ഇൻഗിഡോ വിമാനം ചെന്നൈയിലും ജയ്‌പൂർ- കൊൽക്കത്ത ഇൻഡിഗോ വിമാനം കൊൽക്കത്തയിലും കരിപ്പൂർ - മസ്കറ്റ് എയർഇന്ത്യ വിമാനം നെടുമ്പാശേരിയിലും അടിയന്തരമായി ഇറക്കിയിട്ടുണ്ട്.
പുകയ്‌ക്കും മോക് ഡ്രിൽ
എൻജിൻ, ഹൈഡ്രോളിക് തകരാർ കാരണം തീപിടുത്തമോ പുകയോ ഉണ്ടാകുന്ന അടിയന്തര സാഹചര്യം നേരിടാൻ പൈലറ്റുമാരെയും ജീവനക്കാരെയും സജ്ജരാക്കുന്ന മോക്ഡ്രിൽ നെടുമ്പാശേരിയിലും തിരുവനന്തപുരത്തുമൊക്കെ നടത്താറുണ്ട്. സുരക്ഷാ സജ്ജീകരണങ്ങൾ കാര്യക്ഷമമാണെന്ന് ഉറപ്പാക്കാൻ രണ്ടുവർഷത്തിൽ ഒരിക്കലാണ് വിമാനാപകടത്തിന് സമാനമായ സാഹചര്യം കൃത്രിമമായി സൃഷ്ടിച്ച് മോക്ഡ്രിൽ നടത്തുന്നത്. നെടുമ്പാശേരിയിലെ മോക്ഡ്രില്ലിൽ നേവി ഹെലികോപ്ടറും എത്തും.