
വെള്ളറട: സദാചാര പൊലീസ് ചമഞ്ഞ് വീട്ടിൽ കയറി ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് വീട്ടമ്മ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി ജീവനൊടുക്കി. കുന്നത്തുകാൽ ചാവടി നരിയൂർ കരുണാലയത്തിൽ സുരേഷ് കുമാറിന്റെ ഭാര്യ അക്ഷരയാണ് (36) മരിച്ചത്. തുണിക്കടയിലെ ജീവനക്കാരിയായിരുന്നു. വ്യാഴാഴ്ച രാത്രി ഏഴരയോടെ ഭർത്താവിനെ കാണാൻ സുഹൃത്ത് വീട്ടിലെത്തിയിരുന്നു. ഇതുകണ്ട സമീപവാസികളായ നാലു യുവാക്കൾ ബൈക്കിലെത്തിയ ആളെ തടഞ്ഞുവയ്ക്കുകയും വീട്ടിൽക്കയറി അക്ഷരയെ ഭീഷണിപ്പെടുത്തുകയും ചെയ്തതായി ബന്ധുക്കൾ പറയുന്നു. ഈ സമയം, ഭർത്താവും മക്കളും ക്ഷേത്രത്തിൽ പോയിരിക്കുകയായിരുന്നു.
അക്ഷര സഹോദരനെ വിളിച്ചുവരുത്തി വിവരങ്ങൾ ധരിപ്പിച്ചശേഷം വീടിനുള്ളിൽ കയറി കൈഞരമ്പ് മുറിച്ചു. തുടർന്ന് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി. പൊള്ളലേറ്റ നിലയിൽ കാരക്കോണം മെഡിക്കൽ കോളേജിൽ എത്തിച്ചുവെങ്കിലും നില ഗുരുതരമായതിനാൽ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഇന്നലെ നാലുമണിയോടെയാണ് മരിച്ചത്.
സഹോദരന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ അയൽവാസികളായ മണികണ്ഠൻ, സുബാഷ്, രഞ്ജിത്ത്, വിഷ്ണു എന്നിവർക്കെതിരെ വീട്ടിൽ കയറി ഭീഷണിപ്പെടുത്തിയതിന് കേസെടുത്തിട്ടുണ്ട്. തടഞ്ഞുവച്ച് ആക്രമിച്ചുവെന്ന ഭർത്താവിന്റെ സുഹൃത്ത് ബിജുവിന്റെ പരാതിയിൽ മണികണ്ഠൻ, സുരേഷ്, വിഷ്ണു എന്നിവർക്കെതിരെ മറ്റൊരു കേസും വെള്ളറട പൊലീസ് രജിസ്റ്റർ ചെയ്തു. പോസ്റ്റുമോർട്ടത്തിനായി അക്ഷരയുടെ മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഗൗരി കൃഷ്ണൻ, ഗൗരി കൃഷ്ണ എന്നിവർ മക്കളാണ്.