panter

തിരുവനന്തപുരം: എൻജിൻ, ഹൈഡ്രോളിക് തകരാറുകളുണ്ടായാലും വിമാനത്തെ തീപിടിക്കാതെ സംരക്ഷിക്കുന്ന രക്ഷകനാണ് പാന്തർ. ഓസ്ട്രിയയിൽ നിന്ന് ഇറക്കുമതി ചെയ്‌ത പാന്തർ അത്യാധുനിക അഗ്നിശമന യൂണിറ്റാണ് വിമാനത്താവളങ്ങളിൽ ഉപയോഗിക്കുന്നത്. തിരുവനന്തപുരത്ത് അഞ്ചെണ്ണമുണ്ട്. ഇന്നലെ എയർഇന്ത്യ എക്‌സ്‌പ്രസ് വിമാനം പുകയുമായി എമർജൻസി ലാൻഡിംഗിന് എത്തിയപ്പോൾ റൺവേയുടെ ഇരുവശത്തും നിലയുറപ്പിച്ചത് പാന്തറായിരുന്നു. വിമാനത്തെ പിന്തുടർന്ന പാന്തർ, വിമാനം നിലംതൊട്ട് നിമിഷങ്ങൾക്കകം ശക്തമായ ജലപ്രവാഹത്തിലൂടെ പുക ശമിപ്പിച്ചു. 10 കോടിയോളം ചെലവിട്ടാണ് പാന്തർ ഇറക്കുമതി ചെയ്‌തത്. 10,​000 ലിറ്റർ വെള്ളവും 1300 ലിറ്റർ ഫോം കണ്ടന്റും ഇതിൽ ശേഖരിക്കാം. വിമാനത്തിന്റെ ടാങ്കിൽ നിന്നും ഇന്ധനം പുറത്തേക്ക് ഒഴുകിയാലും ഫോഗ് ഉപയോഗിച്ച് തീപിടിത്തം തടയാനാകും. വിമാന ഇന്ധനം അന്തരീക്ഷത്തിൽ ബാഷ്പീകരിക്കുന്ന തോതനുസരിച്ചാണ് തീപിടിക്കാനുള്ള സാദ്ധ്യത. അഞ്ചുമുതൽ ഏഴുശതമാനം വരെ ബാഷ്പീകരണം നടന്നാൽ ഇതിൽ നിന്ന് തീപടരും. ഇതിന് രണ്ടുമുതൽ അഞ്ചുമിനിറ്റുകൾ മതി. ഇതിന് അനുവദിക്കാതെ ഫിലിം ഫോമിംഗ് ഫോഗ് (എഫ്.എഫ്.എഫ്) ഉപയോഗിച്ച് വിമാനത്തെ പൊതിയുകയാണ് പാന്തർ ചെയ്യുക. ഓസ്ട്രിയൻ നിർമാതാക്കളായ റോസെൻബ ഔർ നിർമ്മിച്ച എയർപോർട്ട് ക്രാഷ് ടെൻഡറിന്റെ മാതൃകയാണ് റോസെൻബ ഔർ പാന്തർ. ചാലയിലും മൺവിളയിലെ ഫാമിലി പ്ലാസ്റ്റിക് വ്യവസായ ശാലയിലും തീപിടിത്തമുണ്ടായപ്പോൾ രക്ഷാദൗത്യത്തിന് പാന്തറുണ്ടായിരുന്നു.