
തിരുവനന്തപുരം: 50 ദിവസം തുടർച്ചയായി സമരം നടത്തിയിട്ടും നിയമ നിർമ്മാണം നടത്തുന്നതിന് സർക്കാർ തയാറാകാത്തതിനാൽ സെക്രട്ടേറിയറ്റിന് മുന്നിലെ സഹനസമരം താത്കാലികമായി അവസാനിപ്പിക്കാൻ യാക്കോബായ സഭ സമിതികൾ സംയുക്തമായി തീരുമാനിച്ചു. സഭയുടെ എപ്പിസ്‌കോപ്പൽ സുന്നഹദോസിന്റെയും വർക്കിംഗ്, മാനേജിംഗ് കമ്മിറ്റിയുടെയും സമരസമിതിയുടെ സംയുക്ത യോഗത്തിനുശേഷം മെത്രാപ്പൊലീത്തൻ ട്രസ്റ്റി ജോസഫ് മാർ ഗ്രീഗോറിയോസ് മെത്രാപ്പോലീത്തായാണ് സമരം അവസാനിപ്പിക്കുന്നതായി അറിയിച്ചത്. ഇടതുപക്ഷ സർക്കാർ സഭയ്ക്ക് അർഹമായ പല കാര്യങ്ങളും ചെയ്‌തെങ്കിലും 50 ദിവസം തുടർച്ചയായി സമരം നടത്തിയത് പരിഗണിച്ചില്ല. സഭയുടെ ഭാഗത്ത് ന്യായമുണ്ടെന്ന് ബോദ്ധ്യപ്പെട്ടിട്ടും നിയമനിർമ്മാണം നടത്താൻ സർക്കാർ തയ്യാറാകാത്തതിൽ നിരാശയുണ്ടെന്ന് ജോസഫ് മാർ ഗ്രീഗോറിയോസ് മെത്രാപ്പോലീത്താ പറഞ്ഞു. ഈ വിഷയത്തിൽ ഒരു ഇടപെടലും നടത്താത്ത പ്രതിപക്ഷ നയവും നിർഭാഗ്യകരമാണ്. ഇരു വിഭാഗത്തോടുമുള്ള ശക്തമായ പ്രതിഷേധം സഭ രേഖപ്പെടുത്തി.
വലിയ നോമ്പ് കാലങ്ങളിൽ മെത്രാപ്പോലീത്താമാരും വൈദികരും വിശ്വാസികളും സമരവുമായി മുന്നോട്ട് പേകുന്നത് ഉചിതമല്ലാത്തത് കൊണ്ടു കൂടിയാണ് സമരം അവസാനിപ്പിക്കാൻ തീരുമാനിച്ചത്. സഭാസമിതികളുടെ യോഗം കൂടി രാഷ്ട്രീയകാര്യസമിതി രൂപീകരിച്ച് തുടർന്നുള്ള നിലപാടുകൾ കൈക്കൊള്ളും.