fastag

  1. തിരുവനന്തപുരം: സംസ്ഥാനത്ത് ഇളവുണ്ടെങ്കിലും, ഫാസ്ടാഗ് ഇല്ലാത്തതിനാൽ ഇതര സംസ്ഥാനങ്ങളിലെ ടോൾപ്ലാസകളിൽ കെ.എസ്.ആർ.ടി.സി കൊടുക്കേണ്ടി വരുന്നത് വൻതുക. ബംഗളൂരു സർവീസിന്റെ വരുമാനത്തിന്റ നാലിലൊന്നും ടോൾ കൊടുക്കേണ്ട അവസ്ഥയാണ്.

തിരുവനന്തപുരം - ബംഗളൂരു റൂട്ടിൽ 12 ടോളുകൾ കടക്കണം. ഫാസ്ടാഗില്ലാത്തതിനാൽ എല്ലായിടത്തും ഇരട്ടിത്തുക നൽകണം. വ്യാഴാഴ്ച സ്‌കാനിയ ബസിന്റെ കളക്‌ഷനായ 40,​000 രൂപയിൽ 11,​000 രൂപയും ടോളിന് പോയി. അന്തർസംസ്ഥാന ബസുകളിൽ ഫാസ്ടാഗ് ഘടിപ്പിച്ചിട്ടുണ്ട്. പക്ഷെ റീചാർജ് ചെയ്തിട്ടില്ല. സംസ്ഥാനത്തെ ടോൾപ്ലാസകളിൽ കെ.എസ്.ആർ.ടി.സിക്ക് രണ്ടുമാസത്തേക്ക് ഇളവുണ്ട്.

റീചാർജ് ചെയ്താൽ ബസുകൾ കടന്നുപോകുമ്പോൾ തുക സ്വാഭാവികമായും ടോൾ കമ്പനിയുടെ അക്കൗണ്ടിലേക്ക് പോകും. ഇതൊഴിവാക്കാനാണ് റീചാർജ് ചെയ്യാത്തത്. പക്ഷെ ഇതിന്റ ഇരട്ടി തുക മറ്റ് സംസ്ഥാനങ്ങളിൽ കൊടുക്കുകയാണ്.

മാസം ഒന്നര കോടി

എല്ലാബസുകളും ടോൾ കൊടുത്ത് സർവീസ് നടത്താനാണെങ്കിൽ ഒരു മാസം ഒന്നര കോടി രൂപ വേണമെന്ന് കെ.എസ്.ആർ.ടി.സി അധികൃതർ അറിയിച്ചു.

സംസ്ഥാനത്ത് ഓടുന്നതടക്കം 180 ബസുകളിൽ ഫാസ്ടാഗുണ്ട്. ഇതിനെല്ലാം കൂടി ഒറ്റ അക്കൗണ്ടായതിനാൽ ഒന്നിച്ചേ റീചാർജാകൂ.