
ബി. ജെ. പിയുടെ വിജയയാത്ര ഇന്ന് തുടങ്ങുന്നു
.............
ലോകത്താകമാനമുള്ള മലയാളികൾക്കെല്ലാം നാണക്കേടുണ്ടാകുന്ന സംഭവങ്ങളാണ് സംസ്ഥാനത്ത് അരങ്ങേറുന്നത്. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി കള്ളക്കടത്തിനും ഹവാല ഇടപാടുകൾക്കും ജയിലിലാകുന്നു. മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെ കള്ളക്കടത്തുകാരുടെ കേന്ദ്രമാവുന്നു. നിയമസഭാ സ്പീക്കർ അവരെ സഹായിക്കുന്നു. തന്ത്രപ്രധാന മേഖലകളിലെല്ലാം യോഗ്യതയില്ലാത്തവരെയും സ്വന്തക്കാരെയും നിയമിക്കുന്നു. യു.ഡി.എഫ് ഭരണത്തിൽ തട്ടിപ്പുകാരികൾ മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചെങ്കിൽ ഇവിടെ അത് കള്ളക്കടത്തുകാരായെന്ന് മാത്രം. പാർട്ടി സെക്രട്ടറിയുടെ മകൻ മയക്കുമരുന്ന് കേസിൽ അകത്താവുന്നു. രാഷ്ട്രീയക്കാരുടെയും അവരുടെ ശിങ്കിടികളായ ഉദ്യോഗസ്ഥ പ്രമാണിമാരുടെയും കേരള മോഡൽ പ്രവൃത്തികളിൽ ലജ്ജിച്ചു തലതാഴ്ത്തേണ്ടി വന്നു. സംസ്ഥാന രാഷ്ട്രീയത്തെ ആകെ ഒരു പൊറാട്ടുനാടകമായി ഇവർ മാറ്രി.
ഇടതുമുന്നണി എല്ലാ ജനാധിപത്യ സംവിധാനങ്ങളെയും ഭരണഘടനാ സ്ഥാപനങ്ങളെയും ദുരുപയോഗിക്കുകയോ അല്ലെങ്കിൽ ചൊല്പടിക്ക് നിറുത്താൻ വെല്ലുവിളിക്കുകയോ ചെയ്യുന്നു. സി.എ.ജിക്ക് നേരെ നടന്ന ആകോശങ്ങൾ നമ്മൾ കണ്ടതല്ലേ. അക്കാര്യത്തിൽ എൽ.ഡിഎഫും യു.ഡി.എഫു ഉറ്റചങ്ങാതിമാരാണ്. കൊലപാതകക്കേസിലെ പ്രതികളെ രക്ഷിക്കാൻ സർക്കാർ ചെലവിൽ കോടികൾ ഫീസായി നൽകുന്നു. വാളയാറിലെ പെൺകുട്ടികൾക്ക് നീതി ലഭിക്കുന്നില്ല. എങ്ങും പൊലീസിന്റെ അതിക്രമം മാത്രം. ലോക്കപ്പുകൾ കൊലയറകളായി മാറുന്നു. സർക്കാർ ശമ്പളം നൽകുന്ന തസ്തികകളിലേക്ക് പിൻവാതിൽ നിയമനം നടത്തുന്നു. പിന്നെ ഇവ സ്ഥിരപ്പെടുത്തുന്നു. ജോലിക്കായി അലയുന്ന യുവാക്കളെ ആക്ഷേപിക്കുന്നു. സ്വർണക്കള്ളക്കടത്തിന് പുറമെ, കെ.ഫോൺ, ഇ-മൊബിലിറ്റി, പി.എസ്,സി, സ്പ്രിൻക്ലർ തുടങ്ങി അഴിമതികളുടെ കഥ നീളുന്നു. ഇതൊക്കെ നടത്തുന്നതിനെ എതിർക്കുന്ന യു.ഡി.എഫ് ആകട്ടെ അധികാരത്തിലിരിക്കുമ്പോൾ ഇതു തന്നെയാണ് ചെയ്തത്. ബാർ കോഴയും സോളാറുമൊന്നും ജനം മറന്നിട്ടില്ല.
ലക്ഷക്കണക്കിന് ശബരിമല ഭക്തരെ പിണറായി സർക്കാർ അടിച്ചമർത്തിയപ്പോൾ , ആക്ടിവിസ്റ്റുകളെക്കൊണ്ട് മലകയറ്രിച്ചപ്പോൾ കണ്ണിലെണ്ണയൊഴിച്ച് കാത്തിരുന്ന് തടഞ്ഞത് ബി.ജെ.പിയായിരുന്നു, ചെറുത്തത് ബി.ജെ.പിയായിരുന്നു. യു.ഡി.എഫ് ചെറുവിരലനക്കിയില്ല. ഭക്തർക്കെതിരയെടുത്ത കള്ളക്കേസുകൾ പിൻവലിക്കാൻ പിണറായി തയാറാണോ? യു.ഡി.എഫ് അതാവശ്യപ്പെടുമോ? കേരളത്തിൽ നിന്ന് തീവ്രവാദം കയറ്രുമതി ചെയ്യുന്നതിനെ യു.ഡി.എഫ് എതിർക്കുമോ? മുസ്ലിം പ്രീണനത്തിൽ ഇരുവരും മത്സരിക്കുന്നു. അതെ, ഇവർ ഒറ്രക്കെട്ടാണ്. അഴിമതിയിൽ , സ്വജനപക്ഷപാതിത്വത്തിൽ , പട്ടികജാതിക്കാരുടെയും ദുർബല ജനവിഭാഗങ്ങളുടെയും അവകാശങ്ങൾ കവർന്നെടുക്കുന്നതിൽ , ഭൂരിപക്ഷ സമുദായത്തെ വഞ്ചിക്കുന്നതിൽ. അങ്ങനെ എല്ലാക്കാര്യത്തിലും സയാമീസ് ഇരട്ടകളാണിവർ.
കേരളത്തിൽ പുതിയൊരു രാഷ്ട്രീയ സംസ്കാരം ഉയർന്നുവരേണ്ടിയിരിക്കുന്നു. കേരളത്തിന്റെ വികസനത്തിനായി ഏതറ്രം വരെയും പോകാൻ കേന്ദ്രം തയാറാണ്. എന്നാൽ സംസ്ഥാനം അതിന് തയ്യാറാണോ എന്നതാണ് പ്രശ്നം. ചില കേന്ദ്രപദ്ധതികൾ മാത്രം പേരുമാറ്രി നടപ്പിലാക്കുന്നതല്ലാതെ , ഏറ്റുമുട്ടലിന് പകരം സഹകരണത്തിന്റെ പാത സ്വീകരിക്കാൻ സംസ്ഥാന സർക്കാർ തയ്യാറില്ല. ഈ സാഹചര്യത്തിലാണ് കേരളത്തിന്റെ ദിശ നിർണയിക്കാനായി ബി.ജെ.പിയും ദേശീയ ജനാധിപത്യസഖ്യവും കടന്നുവരുന്നത്. ഇ.ശ്രീധരനെ പോലുള്ള പ്രഗത്ഭമതികൾ ബി.ജെ.പിയിലെത്തിക്കഴിഞ്ഞു. ഇനിയും പലരും വരും. രാജ്യം മുഴുവൻ ബി.ജെ.പിയുടെ വിജയപതാക പറത്തിയ നേതാക്കൾ വിവിധ ദിവസങ്ങളിലായി യാത്രയിൽ അണിചേരുന്നുണ്ട്. ഈ യാത്ര എല്ലാ കേരളീയരുടെയും വിജയയാത്രയാണ്. ഇരുമുന്നണികളുടെയും കരാളഹസ്തങ്ങളിൽ നിന്ന് കേരളത്തെ മോചിപ്പിക്കാനുള്ള ബി.ജെ.പി യുടെ വിജയയാത്ര.
(ബി.ജെ.പിയുടെ സംസ്ഥാന അദ്ധ്യക്ഷനാണ് ലേഖകൻ)