mmmm

അന്തിക്കാട്: കേരള ബാങ്കിന്റെ അരിമ്പൂർ ശാഖയിൽ ആക്രമണം നടത്തിയ രണ്ട് പേരെ അന്തിക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. നെടുപുഴ പനമുക്ക് സ്വദേശി വടും കുറ്റിൽ സുനിൽ (44), തൃശൂർ കണിമംഗലം സ്വദേശി കിഴക്കോട്ടിൽ രാജേഷ് (30) എന്നിവരെയാണ് അന്തിക്കാട് എസ്.എച്ച്.ഒ: പ്രശാന്ത് ക്ലിന്റും സംഘവും അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച വൈകീട്ട് വായ്പയുടെ കാര്യം സംസാരിക്കാനെന്ന പേരിൽ ബാങ്കിൽ എത്തിയ സുനിൽ തന്റെ ഭാര്യ മാതാവിന്റെ പേരിൽ എടുത്ത വായ്പയിൽ സർക്കാരിന്റെ ആനുകൂല്യം ആവശ്യപ്പെടുകയായിരുന്നു. എന്നാൽ 2 മാസം മാത്രം കുടിശ്ശികയുള്ളതിനാൽ ചെറിയ തുകയ്ക്ക് മാത്രമെ ആനുകൂല്യത്തിന് അർഹതയുള്ളൂവെന്ന് അറിയിച്ച മാനേജറെ സുനിലും കൂടെയുണ്ടായിരുന്ന രാജേഷും ചേർന്ന് മർദ്ദിക്കുകയായിരുന്നു. സംഘം ബാങ്കിന്റെ ചില്ലുകൾ തകർത്തു. ഇതിനിടെ ചില്ല് ശരീരത്തിൽ തുളച്ചു കയറി ബാങ്ക് മാനേജർ കൂർക്കഞ്ചേരി സ്വദേശി ജിതേന്ദ്ര(49) ന് പരിക്കേറ്റു. ഇയാൾ ജില്ലാ സഹകരണ ബാങ്ക് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിനു ശേഷം ബൈക്കിൽ രക്ഷപ്പെട്ട പ്രതികളെ വെള്ളിയാഴ്ച പൊലീസ് പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. എ.എസ്.ഐ: രഘുനാഥൻ, സി.പി.ഒമാരായ വികാസ്, ഷിജീഷ്, ഗ്രേഡ് സി.പി.ഒ ശ്രീജിത്ത് എന്നിവരും പ്രതികളെ പിടി കൂടിയ സംഘത്തിൽ ഉണ്ടായിരുന്നു.