
തിരുവനന്തപുരം: ജി.എസ്.ടി നഷ്ടപരിഹാരമായി കേരളത്തിന് കേന്ദ്രത്തിൽ നിന്ന് 575 കോടിരൂപ കൂടി കിട്ടി. ഇതോടെ ഈ ഇനത്തിൽ കേരളത്തിന് ഇതുവരെ കിട്ടിയത് 4304 കോടി. റിസർവ് ബാങ്കിന്റെ പ്രത്യേക വിൻഡോ വഴി 5.59 ശതമാനം പലിശയ്ക്ക് വായ്പ ആയാണ് നഷ്ടപരിഹാരം കിട്ടുക.
സമനീതി പ്രകാശനം ചെയ്തു
തിരുവനന്തപുരം: ഭിന്നശേഷിക്കാർക്കായുള്ള സംസ്ഥാന കമ്മിഷണറേറ്റ് പുറത്തിറക്കിയ സമനീതി വാർത്താപത്രിക മന്ത്രി കെ.കെ. ശൈലജ, ഭിന്നശേഷിക്കാർക്കായുള്ള സംസ്ഥാന കമ്മിഷണർ എസ്.എച്ച് പഞ്ചാപകേശന്‍ നൽകി പ്രകാശനം ചെയ്തു.
'നിലാവ്' ഉദ്ഘാടനം നാളെ
തിരുവനന്തപുരം: തെരുവുവിളക്കുകൾ പൂർണമായും എൽ.ഇ.ഡിയിലേക്ക് മാറുന്ന നിലാവ് പദ്ധതിയുടെ ഉദ്ഘാടനം 22ന് വൈകിട്ട് 5.30 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിക്കും. ആദ്യഘട്ടത്തിൽ 665 ഗ്രാമപഞ്ചായത്തുകളിലും 46 മുനിസിപ്പാലിറ്റികളിലുമാണ് പദ്ധതി നടപ്പിലാക്കുന്നത്. മന്ത്രി എ.സി.മൊയ്തീൻ അദ്ധ്യക്ഷത വഹിക്കും. മന്ത്രി എം.എം.മണി മുഖ്യാതിഥിയാകും.
കരുനാഗപ്പള്ളി, ചേർത്തല മുനിസിപ്പാലിറ്റികളിലെയും പള്ളിക്കൽ, ഉടുമ്പൻചോല, വേലൂർ, ഒതുക്കങ്ങൽ, വെള്ളമുണ്ട ഗ്രാമപഞ്ചായത്തുകളിലെയും എൽ.ഇ.ഡിയുടെ സ്വിച്ച്ഓൺ കർമ്മവും ചടങ്ങിൽ നടക്കും.