jj

ഇന്ന് ദേശീയ മാനേജ്‌മെന്റ് ദിനം

..................

രാജ്യപുരോഗതിയിൽ മാനേജ്‌മെന്റിന്റെ പ്രാധാന്യം ഓർമ്മിപ്പിച്ചുകൊണ്ട് ഇന്ന് രാജ്യമെമ്പാടും 'ദേശീയ മാനേജ്‌മെന്റ് ദിനം" ആചരിക്കുകയാണ്. ഇതിന്റെ ഭാഗമായി ആൾ ഇന്ത്യാ മാനേജ്‌മന്റ് അസോസിയേഷൻ (ഐമാ) രാജ്യത്തുടനീളമുള്ള 68 പ്രാദേശിക മാനേജ്‌മെന്റ് അസോസിയേഷൻ ശൃംഖലയിലൂടെ വിവിധ പരിപാടികൾ നടപ്പിലാക്കാൻ തീരുമാനിച്ചിട്ടുണ്ട്.

63 വർഷങ്ങൾ പിന്നിടുന്ന ഐമാ വ്യക്തികളെയും പ്രസ്ഥാനങ്ങളെയും തങ്ങളുടെ കഴിവുകൾ പരമാവധി പ്രയോജനപ്പെടുത്തി ലക്ഷ്യം കണ്ടെത്താൻ സഹായിക്കുക എന്ന ദൗത്യം പ്രശംസനീയമായി നിർവഹിച്ചുവരികയാണ്.

എല്ലാ വർഷവും ഫെബ്രുവരി 21 ഐമാ സ്ഥാപകദിനമായി ആചരിച്ചുവരികയായിരുന്നു. എന്നാൽ 2007ൽ ഐമാ കനകജൂബിലി ആഘോഷിച്ചപ്പോൾ മുഖ്യാതിഥിയായിരുന്ന രാഷ്ട്രപതി എ.പി.ജെ അബ്ദുൾകലാം ആണ് ഐമാ സ്ഥാപകദിനം ദേശീയ മാനേജ്‌മെന്റ് ദിനമായി ആചരിക്കണമെന്ന നിർദ്ദേശം മുന്നോട്ടുവച്ചത്. തുടർന്ന് കഴിഞ്ഞ 13 വർഷങ്ങളായി ദേശീയ മാനേജ്‌മെന്റ് ദിനം രാജ്യമെമ്പാടും വിവിധ പരിപാടികളോടെ ആചരിച്ചു വരികയാണ്.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്‌മെന്റുകളുടെയും മറ്റു മാനേജ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ടുകളുടെയും ഐമാ തുടങ്ങിയ പ്രൊഫഷണൽ മാനേജ്‌മെന്റ് അസോസിയേഷനുകളുടെയും പരിശ്രമം മൂലം പുതിയ വെല്ലുവിളികൾ നേരിടാനും ലോകത്തിന്റെ ഏതു കോണിലും പ്രവർത്തിക്കാനും പ്രാപ്തരായ മാനേജർമാരുടെ ഒരു നിര വാർത്തെടുക്കാൻ നമുക്ക് കഴിഞ്ഞു എന്നത് ഏറെ അഭിമാനകരമാണ്.

ഇന്ത്യൻ വ്യവസായ രംഗത്തെപോലെ വിശാലവും സങ്കീർണവുമായ ഒരു മേഖലയിലെ വെല്ലുവിളികൾ തരണം ചെയ്തു വിജയം വരിച്ച ഇന്ത്യൻ പ്രൊഫഷണൽ മാനേജർമാർക്ക് ബഹുരാഷ്ട്ര കമ്പനികൾ ഇന്ന് പ്രത്യേക പരിഗണന നൽകുന്നു. ഗൂഗിളിലെ സുന്ദർപിച്ചൈ, മൈക്രോസോഫ്‌റ്റിലെ സത്യനാരായണ നാദെല്ലാ, ഐ.ബി.എമ്മിലെ അരവിന്ദ് കൃഷ്ണ, അബോഡിലെ ശന്തനുനാരായൺ, മാസ്റ്റർ കാർഡിലെ അജയ്‌പാൽസിംഗ്‌ബംഗാ, മൈക്രോണിലെ സഞ്ചയ് മെഹ്‌രോത്രാ, ഹാർമൻ ഇന്റർനാഷണലിലെ ദിനേശ് പലിവാൻ, നൊവാർട്ടിസിലെ വസന്ത് നരസിംഹൻ, നോക്കിയായിലെ രാജീവ് സൂരി, അരിസ്റ്റാ നെറ്റ് വർക്ക്‌സിലെ ജയശ്രീ വി. ഉള്ളാൽ എന്നിവർ അന്താരാഷ്ട്ര മാനേജ്‌മെന്റ് രംഗത്ത് അംഗീകാരം നേടിയ ഇന്ത്യൻ പ്രൊഫഷണൽ മാനേജർമാരാണ് എന്ന വസ്തുത അഭിമാനകരമായ നേട്ടമാണ്.

കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ (എ.ഐ) ഉപയോഗത്തിൽ ഇന്ത്യയിൽ വ്യാപകമായ വർദ്ധനവാണ് ഉണ്ടായത്. മനസിലാക്കുക, പഠിക്കുക, പ്രശ്നങ്ങൾ പരിഹരിക്കുക, തീരുമാനങ്ങൾ എടുക്കുക എന്നീ കഴിവുകൾ അനുകരിക്കാൻ കംപ്യൂട്ടറുകളെയും യന്ത്രങ്ങളെയും സഹായിക്കുക എന്ന പ്രക്രിയയാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് നിർവഹിക്കുന്നത്. അന്താരാഷ്ട്ര നിലവാരത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽ 72 ശതമാനവും എ.ഐ തങ്ങളുടെ പ്രവർത്തന മേഖലയിൽ ഉപയോഗിച്ചുതുടങ്ങിക്കഴിഞ്ഞു.

മാനേജ്‌മെന്റ് രംഗത്തുവരുന്ന പുതിയ പ്രവണതകൾ സ്വീകരിക്കാനും അതിലൂടെ സ്ഥാപനങ്ങളുടെ കാര്യക്ഷമതയും ഫലപ്രാപ്‌തിയും വർദ്ധിപ്പിച്ച് ഉപഭോക്താക്കൾക്ക് കൂടുതൽ മെച്ചപ്പെട്ട സേവനങ്ങൾ നൽകുന്നതിനും ഇന്ത്യൻ പ്രൊഫഷണൽ മാനേജർമാർ പ്രത്യേകം ശ്രദ്ധിക്കുന്നു എന്നത് അഭിനന്ദനാർഹമായ കാര്യമാണ്.

(ലേഖകന്റെ ഫോൺ: 9447148582)