
മോഡലിംഗിൽ നിന്നും സിനിമയിലേക്ക് എത്തിയ താരമാണ് ഐശ്വര്യ ലക്ഷ്മി. മലയാളത്തിലെ നിരവധി വിജയചിത്രങ്ങളിലെ നായികയായ ഐശ്വര്യ ഇപ്പോൾ മണിരത്നം ചിത്രം 'പൊന്നിയിൻ സെൽവനി'ലും അഭിനയിക്കുന്നുണ്ട്. ഐശ്വര്യലക്ഷ്മിയുടെ കുട്ടിക്കാലത്തു നിന്നുള്ള ഏതാനും ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ കവരുന്നത്. എം.ബി.ബി.എസ് പഠനം കഴിഞ്ഞിരിക്കെ തന്നെ തേടിയെത്തിയ ഒരു ഫോൺകോളാണ് സിനിമയിലേക്ക് വഴിതുറന്നതെന്ന് ഐശ്വര്യ അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്. 'ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള' എന്ന ചിത്രത്തിലൂടെയായിരുന്നു ഐശ്വര്യയുടെ സിനിമാ അരങ്ങേറ്റം. മായാനദി, വരത്തൻ, വിജയ് സൂപ്പറും പൗർണമിയും, അർജന്റീന ഫാൻസ് കാട്ടൂർക്കടവ്, ബ്രദേഴ്സ് ഡേ തുടങ്ങിയ ചിത്രങ്ങളിലൂടെ ഏറെ ജനപ്രീതി നേടാനും ഐശ്വര്യയ്ക്ക് കഴിഞ്ഞു. 'ആദ്യ സിനിമയുടെ ഓഡിഷന് പോകുമ്പോൾ ഉണ്ടായ അതേ ടെൻഷനായിരുന്നു എനിക്ക്. പൊതുവേ ഏത് സിനിമയുടെ തുടക്കത്തിലും എനിക്ക് ടെൻഷൻ ഉണ്ടാകാറുണ്ട്. പക്ഷേ മണി സാറിന്റെ സിനിമയുടെ ഓഡിഷന് പോകുമ്പോൾ അനുഭവിച്ച ടെൻഷൻ എനിക്ക് വിവരിക്കാൻ കഴിയില്ല. ലുക്ക് ടെസ്റ്റും ഓഡിഷനും ഒന്നിച്ചായിരുന്നു. സെലക്ഷൻ കിട്ടാതെ നാളെ ആരെങ്കിലും എന്നെക്കുറിച്ച് ചോദിക്കുമ്പോൾ ആ കുട്ടി വളരെ മോശമാണെന്ന് മണി സർ പറയുന്നതൊക്കെ ഞാൻ സങ്കല്പിച്ചു വച്ചു. എന്നാൽ ഭാഗ്യത്തിന് ആദ്യ ഓഡിഷനിൽ തന്നെ സർ ഓക്കെ പറഞ്ഞു,' ഐശ്വര്യ ഒരു അഭിമുഖത്തിൽ പറഞ്ഞു. 2010ൽ പുറത്തിറങ്ങിയ 'രാവൺ' എന്ന ചിത്രത്തിന് ശേഷം ഐശ്വര്യ റായിയും മണിരത്നവും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും 'പൊന്നിയിൻ സെൽവ'നുണ്ട്. മാത്രമല്ല ചിത്രത്തിൽ ഐശ്വര്യ ഇരട്ട വേഷത്തിലാണെന്നും റിപ്പോർട്ടുകളുണ്ട്. അങ്ങനെയെങ്കിൽ 'ഇരുവറി'നു ശേഷം മറ്റൊരു മണിരത്നം ചിത്രത്തിൽ കൂടി ഇരട്ട വേഷത്തിലെത്താൻ ഒരുങ്ങുകയാണ് ഐശ്വര്യാ റായ്. കൽക്കി കൃഷ്ണമൂർത്തിയുടെ 'പൊന്നിയിൻ സെൽവൻ' എന്ന പ്രശസ്ത നോവലിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്.