
വികസന പദ്ധതികളുടെ നടത്തിപ്പിൽ ഒരുവിധത്തിലുള്ള സങ്കുചിതത്വവും പാടില്ലെന്നു രാഷ്ട്ര നേതാക്കൾ എപ്പോഴും ഓർമ്മിപ്പിക്കാറുള്ളത് രാജ്യത്തിന്റെയും ജനങ്ങളുടെയും നന്മയെ മാത്രം കരുതിയാണ്. സംസ്ഥാനത്ത് നാലു വലിയ വികസന പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദി ഇക്കാര്യം ആവർത്തിക്കുകയുണ്ടായി. സദ്‌ഭരണത്തിനും വികസനത്തിനും മതമോ ജാതിയോ ലിംഗമോ ഭാഷയോ ഒരിക്കലും തടസമായിക്കൂടാ എന്നാണ് അദ്ദേഹം പറഞ്ഞത്. അതുപോലെ തന്നെ വികസനത്തിന്റെ ഗുണഫലങ്ങൾ എല്ലാ വിഭാഗം ജനങ്ങൾക്കിടയിൽ തുല്യമായി വീതിക്കപ്പെടുമ്പോഴാണ് ക്ഷേമരാഷ്ട്രമെന്ന സങ്കല്പം യാഥാർത്ഥ്യമാകുന്നത്. വികസനത്തിലും പുരോഗതിയിലും കാണുന്ന വലിയ അന്തരമാണ് നമ്മുടെ രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ഏറെ പുരോഗതി കൈവരിച്ച സംസ്ഥാനങ്ങളും ഒട്ടും വളർച്ച പ്രാപിക്കാത്ത സംസ്ഥാനങ്ങളുമുണ്ട്. വികസന പദ്ധതികൾക്കും ജനക്ഷേമ പരിപാടികൾക്കുമായി നീക്കിവച്ച പണത്തിന്റെ നല്ലൊരു ഭാഗം അഴിമതിയിലൂടെ പലരുടെയും പോക്കറ്റിലായതിന്റെ ദുരന്തം നേരിടുന്ന സംസ്ഥാനങ്ങളുണ്ട്. കഴിഞ്ഞ രണ്ടു ദശകത്തിനിടെ ഇതിനൊക്കെ സ്വാഗതാർഹമായ മാറ്റം വന്നിട്ടുണ്ട്. പുതിയ വികസന കാഴ്ചപ്പാടുകളും ഉണ്ടായിക്കൊണ്ടിരിക്കുന്നു. വികസനരംഗത്ത് കുതിപ്പുണ്ടായാലേ അഭിവൃദ്ധി പ്രാപിക്കാനാവൂ എന്ന ബോദ്ധ്യം ഭരണകൂടങ്ങൾക്കൊപ്പം ജനങ്ങൾക്കും കൈവന്നിട്ടുണ്ട്. ഏതു പദ്ധതിയെയും കണ്ണടച്ച് എതിർത്തിരുന്ന പഴയ സമീപനത്തിൽ മാറ്റം കണ്ടുതുടങ്ങിയത് അതിന്റെ അടിസ്ഥാനത്തിലാണ്.
ഫെഡറൽ സംവിധാനം നിലവിലുള്ള ഇന്ത്യയിൽ ഇപ്പോൾ ഏകകക്ഷി ഭരണമല്ല നടക്കുന്നത്. ഒരുകാലത്ത് മിക്കവാറും ഇടങ്ങളിൽ അങ്ങനെയൊരു സ്ഥിതി നിലനിന്നിരുന്നു. കേന്ദ്ര പദ്ധതികൾ അനുവദിക്കുന്നതിൽ രാഷ്ട്രീയം മുഖ്യമായി പരിഗണിക്കപ്പെട്ടിരുന്ന കാലവും ഉണ്ടായിരുന്നു. തുടർച്ചയായ അവഗണനയിൽപ്പെട്ട് ദരിദ്രമായിത്തീർന്ന സംസ്ഥാനങ്ങൾ ഉണ്ട്. കേരളം പോലുള്ള സംസ്ഥാനങ്ങൾക്ക് ഇക്കാര്യത്തിൽ എക്കാലവും പരാതി പറയാനേ നേരമുണ്ടായിരുന്നുള്ളൂ. ആ ദുഃസ്ഥിതിക്കു ക്രമേണ മാറ്റം വന്നതിന്റെ സൂചനകൾ ഇന്ന് കേരളമടക്കം പല പിന്നാക്ക സംസ്ഥാനങ്ങളിലും ദൃശ്യമാണ്.
പ്രധാനമന്ത്രി വെള്ളിയാഴ്ച ഉദ്ഘാടനം ചെയ്ത നാല് മെഗാ പദ്ധതികൾ സംസ്ഥാനത്തിന്റെ വികസനത്തിന് ആക്കം കൂട്ടാൻ ഉപകരിക്കുന്നവയാണ്. നാലായിരം കോടി രൂപ ചെലവിൽ നിർമ്മിച്ച പുഗലൂർ - തൃശൂർ ഹൈ വോൾട്ടേജ് വൈദ്യുതി പ്രസരണ ലൈൻ കമ്മിഷൻ ചെയ്യുന്നതോടെ ദേശീയ ഗ്രിഡിൽ നിന്ന് വൈദ്യുതി സംസ്ഥാനത്ത് എവിടെയും എത്തിക്കാനുള്ള സൗകര്യമാണ് ലഭ്യമാകുന്നത്. സംസ്ഥാനത്തിന്റെ വർദ്ധിച്ചുവരുന്ന ഊർജ്ജ ആവശ്യം നേരിടാനും പുതിയ പ്രസരണ ലൈൻ സഹായിക്കും. വൈദ്യുതി ഉത്‌പാദനത്തിൽ സ്വാശ്രയത്വം കൈവരിക്കാനാകാത്ത കേരളത്തിന് പുറത്തുനിന്നുള്ള വൈദ്യുതിയെ ആശ്രയിച്ചേ മതിയാകൂ. പ്രസരണ ലൈൻ മതിയാകാത്ത സ്ഥിതി ഉണ്ടായിരുന്നതിനാൽ വടക്കൻ ജില്ലകൾ ബുദ്ധിമുട്ട് നേരിടുന്ന അവസ്ഥയ്ക്കും ഇപ്പോൾ പരിഹാരമായിരിക്കുകയാണ്. വർദ്ധിച്ചുവരുന്ന ഊർജ്ജ ആവശ്യങ്ങൾ നേരിടാനും ഇനി പ്രയാസമുണ്ടാകില്ല. പുതിയ വ്യവസായശാലകളും ചെറുകിട സംരംഭങ്ങളും വർദ്ധിക്കുന്നതിനനുസരിച്ച് തൊഴിൽ സാദ്ധ്യതയും അതുവഴി വളർച്ചയും നേടാൻ കഴിയും. തൊഴിലില്ലായ്മയുടെ രൂക്ഷത ഏറെ അനുഭവിക്കുന്ന സംസ്ഥാനത്തിന്റെ പ്രധാന ആവശ്യമാണ് വ്യാവസായിക വളർച്ച. പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത കാസർകോട്ട് 50 മെഗാവാട്ടിന്റെ സൗരോർജ്ജ പദ്ധതിയും ഉത്തമ ദിശാസൂചിക തന്നെയാണ്. വിവാദ പദ്ധതികളുടെ പിറകെ പോകാതെ പരിസ്ഥിതിക്ക് ഒരു കോട്ടവും വരുത്താത്ത സൗരോർജ്ജ നിലയങ്ങളിലേക്ക് എളുപ്പം മാറാവുന്നതേയുള്ളൂ. വർഷത്തിൽ എല്ലാ ദിവസവും ആശ്രയിക്കാവുന്ന സൗരോർജ്ജ നിലയങ്ങൾ ഓരോ ജില്ലയിലും ഉയർന്നുവരണം. തലസ്ഥാന നഗരിയിലെ കുടിവെള്ള ലഭ്യത വർദ്ധിപ്പിക്കുന്ന അരുവിക്കരയിലെ പുതിയ ജലശുദ്ധീകരണ പ്ളാന്റ്, നഗരത്തിലെ സ്‌മാർട്ട് റോഡുകൾ എന്നിവ നഗര ജീവിതം മെച്ചപ്പെടുത്താനുള്ള പുതിയ സംരംഭങ്ങളാണ്. സംസ്ഥാനത്തിന്റെ വികസനത്തിന് ആക്കം കൂട്ടുന്ന പുതിയ പദ്ധതികളുടെ പേരിൽ പ്രധാനമന്ത്രിയെ മുഖ്യമന്ത്രി പിണറായി വിജയൻ നന്ദി അറിയിക്കുകയുണ്ടായി. പ്രധാനമന്ത്രിയെപ്പോലെ തന്നെ വികസന പദ്ധതികളുടെ കാര്യത്തിൽ രാഷ്ട്രീയ - പ്രാദേശിക വാദങ്ങൾ ഒരിക്കലും തടസം നിൽക്കരുതെന്ന ഉറച്ച അഭിപ്രായമുള്ള ആളാണ് മുഖ്യമന്ത്രി. അതിനുള്ള ശക്തമായ തെളിവാണ് കഴിഞ്ഞ അഞ്ചു വർഷത്തിനിടെ പൂർത്തിയാക്കാൻ കഴിഞ്ഞ നിരവധി പദ്ധതികൾ.
വികസനത്തിന് ജാതി - മത - ലിംഗ - ഭാഷാ ഭേദങ്ങൾ പാടില്ലെന്നു പറഞ്ഞതുപോലെ അവ നടപ്പാക്കുന്നതിൽ പുലർത്തേണ്ട സമയക്ളിപ്തതയും പ്രധാനമാണ്. രണ്ടുവർഷംകൊണ്ട് തീർക്കേണ്ട പദ്ധതി അഞ്ചും പത്തും കൊല്ലം നീണ്ടുപോയാൽ എന്തു ഫലം കിട്ടാനാണ്. അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ സമയബന്ധിതമായിത്തന്നെ പൂർത്തിയാക്കാൻ പ്രത്യേക ജാഗ്രത കാണിക്കണം. ഒച്ചിനെ നാണിപ്പിക്കുന്ന വിധം ഇഴഞ്ഞുനീങ്ങുന്ന ചില പദ്ധതികളും സംസ്ഥാനത്ത് അവിടവിടെയായി ഉള്ളതുകൊണ്ടാണ് ഇങ്ങനെ പറയേണ്ടിവന്നത്.