skin-care

വേനൽക്കാലത്തെ ഏറ്റവും വലിയ പ്രശ്നം കഠിനമായ വെയിലിനെ അതിജീവിക്കലാണ്. വെയിൽ ഏൽക്കാതിരിക്കാൻ നമുക്ക് ആവില്ല. എന്നാൽ, നേർത്ത വെയിൽ ഡി തുടങ്ങിയ വിറ്റാമിൻ ശരീരത്തിന് ലഭ്യമാകാൻ വഴിയൊരുക്കുകയും ചെയ്യുന്നു. സൂര്യ രശ്മികൾ എങ്ങനെയാണ് ചർമ്മത്തിന് ഹാനികരമാകുന്നത് എന്ന് നോക്കാം.സൂര്യ രശ്മികൾ തരംഗ ദൈർഘ്യമനുസരിച്ച് പ്രധാനമായും അഞ്ചുതരമാണുള്ളത്.

290 നാനോ മീറ്റർ ദൈർഘ്യമുള്ളവയെ അൾട്രാ വയലറ്റ് - സിയെന്നും (യു.വി.സി )

290മുതൽ 320 ദൈർഘ്യമുള്ളവയെ അൾട്രാ വയലറ്റ് - ബിയെന്നും (യു.വി.ബി)

320മുതൽ 400ദൈർഘ്യമുള്ളവയെ അൾട്രാ വയലറ്റ് - എ (യു.വി.എ) എന്നാണ് വിളിക്കുന്നത്. ഇവ മൂന്നും നഗ്ന നേത്രങ്ങൾ കൊണ്ട് കാണാവുന്നതല്ല.

400മുതൽ 700 തരംഗ ദൈർഘ്യത്തിലുള്ള പ്രത്യക്ഷ രശ്മികളും 700ൽ കൂടുതൽ തരംഗ ദൈർഘ്യത്തിലുള്ള ചൂട് നൽകുന്ന ഇൻഫ്രാറെഡ് രശ്മികളുമാണ് മറ്റുരണ്ട് വിഭാഗങ്ങൾ.

സൂര്യ രശ്മിയുടെ 95ശതമാനവും യു.വി.എ രശ്മികളാണ്. ഭൂമിയുടെ പ്രതലത്തിൽ സൂര്യോദയം മുതൽ അസ്തമയം വരെ ഇത് പതിക്കുന്നുണ്ട്. അഞ്ച് ശതമാനം യു.വി.ബി രശ്മികളാണ്. ഉച്ചസമയത്താണ് ഇത് കൂടുതലായി ഭൂമിയിൽ പതിക്കുന്നത്. യു.വി.സി രശ്മികളാകട്ടെ ഓസോൺ പാളികൾ വലിച്ചെടുക്കുന്നത് കൊണ്ട് ഭൂമിയിൽ പതിക്കുന്നില്ല.

കാലാവസ്ഥാവ്യതിയാനം, ഭൂപ്രകൃതി, സൂര്യോദയവും അസ്തമയവും എന്നിങ്ങനെ പല കാരണങ്ങൾ കൊണ്ട് സൂര്യരശ്മികൾ ചർമ്മത്തിൽ മാറ്റമുണ്ടാക്കുന്നു. യു.വി.എയും യു.വി.ബി യും ആണ് തൊലിപ്പുറത്ത് രോഗങ്ങൾ ഉണ്ടാക്കുന്ന രശ്മികൾ.

യു.വി.എ വിഭാഗത്തിൽപ്പെട്ട രശ്മികൾ ത്വക്കിലേക്ക് ആഴ്ന്നിറങ്ങി ചർമ്മത്തിന് നിറഭേദം ഉണ്ടാക്കുന്നു. പ്രതിരോധ പ്രവർത്തനങ്ങളെ അത് സ്വാധീനിക്കുകയും അകാല ജരക്ക് കാരണമാവുകയും ചെയ്യുന്നു.എന്നാൽ, യു.വി.ബി വിഭാഗത്തിന് ത്വക്കിനകത്തേക്ക് പ്രവേശിക്കാൻ കഴിവുള്ളതല്ല. അത് ഉപരിതലത്തിൽ പ്രവർത്തിക്കുകയും ചർമ്മത്തിന് ദോഷകരമായ പൊള്ളലുകൾ ഉണ്ടാക്കുകയും ചെയ്യുന്നു. മാത്രമല്ല, ത്വക്കിലെ അർബുദത്തിന് കാരണമാവുകയും തൊലിയിൽ ചുളിവുകൾ ഉണ്ടാക്കുകയും ചെയ്യുന്നു.

ഡോ. ശ്രീരേഖ പണിക്കർ

കൺസൾട്ടന്റ് ഡെർമറ്റോളജിസ്റ്റ്

എസ്. യു. ടി ആശുപത്രി

പട്ടം, തിരുവനന്തപുരം.