paddy

തിരുവനന്തപുരം: നിലം നികത്തലിന് അറുതി വരുത്താൻ തണ്ണീർത്തട ഡേറ്റാ ബാങ്ക് പൂർണമാക്കാനുള്ള സർക്കാർ തീവ്ര യജ്ഞം വിജയിച്ചില്ല. ശേഷിക്കുന്ന 131 കൃഷിഭവനുകളിൽ 64 ഇടങ്ങളിലെ ഡേറ്റാബാങ്ക് പ്രസിദ്ധീകരിക്കൽ അന്തിമഘട്ടത്തിലാണെന്നാണ് അധികൃതഭാഷ്യം. എന്നാൽ ബാക്കി 67 ഇടങ്ങളിൽ എങ്ങുമെത്തിയില്ല.

നിലവിലെ കണക്കനുസരിച്ച് സംസ്ഥാനത്ത് 2.3 ലക്ഷം ഹെക്ടർ നെൽവയലിലാണ് കൃഷിയുള്ളത്. ശേഷിക്കുന്ന കൃഷിഭവനുകളിലെ കണക്കുകൾ കൂടി വന്നാൽ നെൽവയലുകളുടെ അളവിൽ നേരിയ വ്യത്യാസം വരും. 16 കൃഷിഭവന്റെ പരിധിയിൽ നെൽവയലോ തണ്ണീർത്തടങ്ങളോ ഇല്ല.

ആകെ 1077 കൃഷിഭവനുകളിൽ കഴിഞ്ഞ സർക്കാരിന്റെ കാലത്ത് 328ൽ മാത്രമാണ് ഡേറ്റ ബാങ്ക് തയ്യാറാക്കിയിരുന്നത്. ഈ സർക്കാർ 2008ലെ കേരള നെൽവയൽ തണ്ണീർത്തട നിയമപ്രകാരം ഡേറ്റ ബാങ്കിലുണ്ടായിരുന്ന അപാകതകൾ ഉപഗ്രഹ സംവിധാനത്തോടെ പരിഹരിച്ച് 602 കൃഷിഭവനുകളിലെ കൂടി ഡേറ്റ ബാങ്ക് പ്രസിദ്ധീകരിച്ചു. 64 കൃഷിഭവനുകളിലെ ഡേറ്റാബാങ്കിലുൾപ്പെടുത്തേണ്ട വിവരങ്ങൾ പ്രസിദ്ധീകരിക്കാനായി പ്രസിൽ നൽകിയുട്ടുണ്ടെന്ന് അധികൃതർ പറയുന്നു. എന്നാലും ബാക്കി 67 എണ്ണത്തിൽ ഡേറ്റാബാങ്ക് തയ്യാറാക്കൽ, ഈ സർക്കാരിന്റെ ശേഷിക്കുന്ന ദിനങ്ങൾ കൊണ്ട് സാദ്ധ്യമാവാനിടയില്ല. ഇവയുടെ ഉപഗ്രഹ ചിത്രങ്ങൾ തയ്യാറായിട്ടില്ലെന്നാണ് അറിയുന്നത്.

കരപ്രദേശത്തിനും ജലാശയങ്ങൾക്കും ഇടയ്ക്ക് വെള്ളമുള്ള പ്രദേശമാണ് തണ്ണീർത്തടം. റവന്യൂ രേഖകളിൽ വെറ്റ് ലാൻഡ് എന്നു കാണിച്ചിട്ടില്ലെങ്കിൽ ആ ഭൂമി ഡേറ്റാ ബാങ്കിൽ ഉൾപ്പെടുത്താൻ പാടില്ല.