1

നെയ്യാറ്റിൻകര: ഭിന്നശേഷി കുട്ടികൾക്ക് ആശ്വാസമേകി നഗരസഭയുടെ ബഡ്ജറ്റ് അവതരണം. ഭിന്നശേഷി കുട്ടികളുടെ കഴിവുകൾ കണ്ടെത്തി അവരെ ജീവിതത്തിലേക്ക് തിരിച്ച് കൊണ്ടുവരാൻ വിസ്മയ - സാന്ത്വന സ്ഥാപനവുമായി ചേർന്ന് നൂതനമായ പദ്ധതികൾ നടപ്പിലാക്കാൻ ബഡ്ജറ്റിൽ തുക വിലയിരുത്തിയതായി നഗരസഭ വൈസ് ചെയർപേഴ്സണും ധനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണുമായ പ്രിയാ സുരേഷ് പറഞ്ഞു.

നെയ്യാറ്റിൻകര നഗരസഭയിൽ പുതിയ ഭരണ സമിതിയുടെ ആദ്യ ബഡ്ജറ്റ് അവതരിപ്പിക്കുകയായിരുന്നു അവർ. ശ്രീനാരായണഗുരുദേവൻ തപസനുഷ്ഠിച്ചിരുന്ന ഗുഹ ഭിത്തി കെട്ടി സംരക്ഷിക്കും. നെയ്യാറ്റിൻകര പ്രദേശങ്ങളിൽ സൗജന്യ വൈഫൈ നടപ്പിലാക്കുക, കുടുംബശ്രീ യൂണിറ്രുകളുമായി ചേർന്ന് പ്ളാസ്റ്റിക് ഇതര ഉത്പന്നങ്ങൾ നിർമ്മിക്കുകയും ജനകീയ ഹോട്ടൽ വ്യാപകമാക്കുകയും അതിലൂടെ അംഗങ്ങൾക്ക് തൊഴിലും വരുമാനവും വർദ്ധിപ്പിക്കുക, മുനിസിപ്പാലിറ്റിയെ ഭൗമ വിവര മുനിസിപ്പാലിറ്റിയാക്കുക തുടങ്ങിയവയ്ക്കാണ് പ്രധാനമായും ബഡ്ജറ്റിലുള്ളത്.

അങ്കണവാടികളെ ഹൈടെക്കാക്കുക, നഗരസഭ ഓഫീസിൽ സോളാർ സംവിധാനം നടപ്പിലാക്കും, സ്റ്റേഡിയത്തിൽ പബ്ലിക് ഹെൽത്ത് ജിംനേഷ്യം സ്ഥാപിക്കും, പെരുമ്പഴുതൂർ വികസനം യാതാർത്ഥ്യമാക്കും, മാർക്കറ്റുകൾ നവീകരിക്കും, വനിതാസ്വയം തൊഴിൽ പദ്ധതിക്കായി കെട്ടിടം നിർമ്മിക്കും, ഈഴക്കുളം നവീകരിക്കും, ഷീ - ലോഡ്ജ് പൂർത്തീകരിക്കും, നഗരസഭയിലെ വിവിധ റോഡികളുടെയും നടപ്പാതകളുടെയും നവീകരണം നടപ്പിലാക്കും, എയ്റോബിന്നുകൾ സ്ഥാപിക്കും, ഭവന നിർമ്മാണവും പുനരുദ്ധാരണവും നടപ്പിലാക്കും, കോച്ചിംഗ് സെന്ററുകൾ ആരംഭിക്കും, ആറാലുംമൂട്ടിൽ കൺവെൻഷൻ സെന്റർ നിർമ്മിക്കും, കുളങ്ങളും തോടുകളും നവീകരിക്കും, മിനി ഷോപ്പിംഗ് കോംപ്ലക്സ് നിർമ്മാണം പൂർത്തീകരിക്കും, സ്കൂളുകളിൽ സമാർട്ട് ക്ലാസ് റൂം നിർമ്മിക്കും തുടങ്ങിയവയാണ് ബഡ്ജറ്റിൽ തുക വിലയിരുത്തിയിട്ടുള്ള മറ്റ് പ്രധാന നിർദ്ദേശങ്ങൾ.

നീക്കിയിരിപ്പ് തുകയായ 7,53,03,404 രൂപ ഉൾപ്പെടെ 110,78,33,404 രൂപ വരവും 106,45,43,800 രൂപ ചെലവും 432,89,604 രൂപ നീക്കിയിയിരിപ്പും പ്രതീക്ഷിക്കുന ബഡ്ജറ്റാണ് വൈസ് ചെയർപേഴ്സൺ അവതരിപ്പിച്ചത്.