
തിരുവനന്തപുരം: ഇഷ്ടക്കാരെ കേരള സർക്കാർ സർവീസിൽ കടത്തിവിടാനായി എൽ.ഡി.എഫ് സർക്കാർ നിർമ്മിച്ച പ്രത്യേക വാതിൽ ഏത്?
(എ) മുൻവാതിൽ (ബി) പിൻവാതിൽ (സി) അടുക്കള വാതിൽ (ഡി) ഇതൊന്നുമല്ല. സെക്രട്ടേറിയറ്റിന് മുന്നിലിട്ട ബഞ്ചിലിരുന്ന് 'ഉദ്യോഗാർത്ഥികൾ' ഉത്തരമെഴുതി. ഭൂരിഭാഗംപേരുടെയും ഉത്തരം പിൻവാതിൽ.രണ്ടുപേർ മാത്രം അടുക്കള വാതിലെന്നെഴുതി. എങ്കിലും അവരും 'പാസായി'.
പിൻവാതിൽ നിയമനങ്ങൾക്കെതിരെ യൂത്ത് കോൺഗ്രസ് സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തിയ പ്രതീകാത്മക പ്രതിഷേധ പി.എസ്.സി പരീക്ഷയാണിത്. 20 യൂത്ത് കോൺഗ്രസ് പ്രവർത്തകർ പരീക്ഷ എഴുതി. പി.എസ്.സി ചോദ്യപേപ്പറിന്റെ മാതൃകയിൽ തയ്യാറാക്കിയ ചോദ്യങ്ങളെല്ലാം ഇതുപോലുള്ളതായിരുന്നു. മറ്റു ചില ചോദ്യങ്ങൾ ഇതാ...
''സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ടു കിടക്കുന്ന ഭക്ഷണ പദാർത്ഥമേത്?, കടക്കൂപുറത്ത്, പരനാറി, നികൃഷ്ടജീവി, കുലംകുത്തി പ്രയോഗങ്ങളിലൂടെ ആഗോള പ്രശസ്തനായ നേതാവ്? കെട്ട്യോള് എന്റെ മാലാഖ എന്ന സിനിമാപേര് കേരളത്തിലെ ഏത് യുവജന പ്രസ്ഥാനത്തിനാണ് കൂടുതൽ അനുയോജ്യം?'' ഇത്തരത്തിൽ 45 ചോദ്യങ്ങളാണ് ഉണ്ടായിരുന്നത്. 45 മിനിട്ടായിരുന്നു പ്രതിഷേധ പരീക്ഷ.
യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിലും വൈസ് പ്രസിഡന്റ് കെ.ശബരിനാഥനും നടത്തുന്ന നിരാഹാര സമരത്തിന്റെ ഏഴാം ദിവസത്തിലാണ് പരീക്ഷ സംഘടിപ്പിച്ച് പ്രതിഷേധിച്ചത് സമര പന്തലിനു മുന്നിൽ ക്ളാസ് റൂമും തയാറാക്കി.
ഉത്തരക്കടലാസ് നോക്കി റാങ്ക് ലിസ്റ്ര് പ്രസിദ്ധീകരിച്ച് നിയമന ഉത്തരവും നൽകിയായിരുന്നു പ്രതിഷേധം. ഉത്തരപേപ്പറിൽ ഭരണാനുകൂല പാർട്ടി അംഗമാണെന്നോ, അവരുടെ ബന്ധുക്കളാണെന്നോ രേഖപ്പെടുത്തിയവർക്കാണ് 'നിയമന ഉത്തരവ് ' നൽകിയത്. ആർ.എസ്.പി നേതാവ് ഷിബു ബേബിജോണാണ് പ്രതീകാത്മക നിയമന ഉത്തരവ് കൈമാറിയത്. കോൺഗ്രസ് നേതാവ് പി.സി.വിഷ്ണനാഥ്, യൂത്ത് കോൺഗ്രസ് നേതാവ് സുധീർ ഷാ എന്നിവരും പങ്കെടുത്തു.