
ആ കടക്കാരൻ ഒരിക്കലും ആ മോതിരം വിറ്റു പോകാൻ ആഗ്രഹിച്ചിരുന്നില്ല. 'അത് ശാപം കിട്ടിയതായിരുന്നു. 'ദ ഡെസ്‌റ്റിനി റിംഗ്' എന്നാണ് ആ മോതിരത്തിന്റെ പേര്. എന്നാൽ സാൻഫ്രാൻസിസ്കോയിലെ ഒരു കടയിൽ ആ മോതിരം കണ്ട ഹോളിവുഡ് നടൻ റുഡോൾഫ് വാലന്റീനോയാകട്ടെ, മോതിരത്തിന്റെ പിന്നിലെ കഥകയൊന്നും വകവച്ചില്ല. കാഴ്ചയിൽ വളരെ സിംപിൾ. അമൂല്യമായ ഒരു രത്നക്കല്ലോട് കൂടിയ വെള്ളി മോതിരം. കണ്ട മാത്രയിൽ അതിഷ്ടപ്പെട്ട വാലന്റീനോ അത് സ്വന്തമാക്കുകയും ചെയ്തു. എന്നിരുന്നാലും, കടക്കാരന്റെ വാക്കുകൾ വാലന്റീനോ ചെവിക്കൊണ്ടിരുന്നെങ്കിൽ...
അകാലത്തിലെ വിടവാങ്ങൽ
1920കളായിരുന്നു അത്... റുഡോൾഫ് വാലന്റീനോ സിനിമയിൽ തിളങ്ങി നിൽക്കുന്ന സമയം. 1895ൽ ഇറ്റലിയിലാണ് വാലന്റീനോയുടെ ജനനം. ഇറ്റലിയിൽ നിന്ന് അമേരിക്കയിലെത്തിയ വാലന്റീനോ സൈലന്റ് സിനിമാ ലോകത്ത് ഏറെ ശ്രദ്ധേയനായി. എന്നാൽ, പ്രശസ്തിയുടെ നടുവിൽ നിൽക്കെ, ആ മോതിരം കൈയിൽ വന്ന ശേഷം കാര്യങ്ങൾ മാറിമറിയാൻ തുടങ്ങി. അദ്ദേഹത്തിന്റെ 'ദ യംഗ് രാജ' തുടങ്ങിയ ചിത്രങ്ങൾ പരാജയപ്പെട്ടു. 1926ൽ 31ാം വയസിൽ വാലന്റീനോ അന്തരിച്ചു. പെട്ടെന്നായിരുന്നു അപ്പെൻഡിസൈറ്റിസും അൾസറും ബാധിച്ച് വാലന്റീനോ അവശനായത്. പിന്നാലെ പെരിറ്റനൈറ്റിസ് കൂടി സ്ഥിരീകരിച്ചതോടെ വാലന്റീനോ മരണത്തിന് കീഴടങ്ങുകയായിരുന്നു. ആയിരക്കണക്കിന് ആരാധകർ വാലന്റീനോയ്ക്ക് അന്ത്യയാത്ര നൽകാൻ തടിച്ചുകൂടിയിരുന്നു.
ദുരന്തങ്ങൾ തുടർക്കഥ
മോതിരം പിന്നീട് വാലന്റീനോയുടെ കാമുകിയായിരുന്ന നടി പോള നെഗ്രിയ്ക്ക് കൈമാറി. പോളയും ഉടൻ അസുഖ ബാധിതയായി. അസുഖത്തിൽ നിന്ന് മോചനം ലഭിച്ചെങ്കിലും പോളയുടെ ഹോളിവുഡ് കരിയർ അവസാനിച്ചിരുന്നു. പോള ആ മോതിരം യുവ ഗായകൻ റസ് കോളംബോയ്ക്ക് നൽകി. എന്നാൽ, റസ് വെടിയേറ്റ് കൊല്ലപ്പെട്ടു. ഈ മോതിരം പിന്നീട് റസിന്റെ സുഹൃത്തായ ജോ കാസിനോയ്ക്കാണ് ലഭിച്ചത്. ആദ്യം മോതിരം ഒരു കണ്ണാടി കൂട്ടിൽ സൂക്ഷിച്ചിരുന്നെങ്കിലും കാസിനോ പിന്നീട് അത് കൈയിലണിഞ്ഞു. ഒരാഴ്ചയ്ക്ക് ശേഷം കാസിനോയെ ഒരു ട്രക്കിടിച്ചു. അങ്ങനെ മോതിരം ചർച്ചാ വിഷയമായി മാറി.
ലോക്കറിലേക്ക്
മോതിരം കാസിനോയുടെ സഹോദരൻ ഡെൽ തന്റെ വീട്ടിലെ ലോക്കറിൽ ഭദ്രമായി പൂട്ടിവച്ചു. ഇതിനിടെ വീട്ടിൽ മോഷണശ്രമം ഉണ്ടായി. മോഷ്ടാവിനെ പൊലീസ് വെടിവച്ച് വീഴ്ത്തി. അന്നേരം മോഷ്ടാവിന്റെ കൈവശം വീട്ടിൽ നിന്നും മോഷ്ടിക്കപ്പെട്ട മോതിരവും കണ്ടെടുത്തിരുന്നു. മോതിരം വീണ്ടും സുരക്ഷിതമായി ലോക്കറിൽ പൂട്ടിവച്ചു. പിന്നീട്, എഡ്വേർഡ് സ്മാൾ എന്ന സംവിധായകൻ വാലന്റീനോയുടെ ജീവിതത്തെ സിനിമയാക്കാൻ തീരുമാനിക്കുകയും ഈ മോതിരം സ്വന്തമാക്കുകയും ചെയ്തു. ജാക്ക് ഡൺ എന്ന പുതിയ നടനെയായിരുന്നു വാലന്റീനോയുടെ വേഷം അവതരിപ്പിക്കാൻ തീരുമാനിച്ചത്. ഈ മോതിരം ജാക്കിന് നൽകി. അദ്ദേഹം ഇത് അണിയുകയും ചെയ്തു. രണ്ടാഴ്ചയ്ക്ക് ശേഷം ജാക്ക് രക്ത സംബന്ധമായ അസുഖം ബാധിച്ച് മരിച്ചു.
ഇപ്പോൾ എവിടെ ?
ഇപ്പോൾ ആ മോതിരം എവിടെയാണ് ? ലോസ്ആഞ്ചൽസിലെ ഒരു ബാങ്കിന്റെ ലോക്കറിൽ ഈ മോതിരം സൂക്ഷിക്കപ്പെട്ടിട്ടുണ്ടെന്നാണ് പറയപ്പെടുന്നത്. ചിലർ ഇത് മോഷടിക്കാൻ ശ്രമിച്ചതായും മോഷ്ടിക്കപ്പെട്ടതായും പറയപ്പെടുന്നുണ്ട്. മോതിരത്തിന് കൃത്യമായി എന്തു സംഭവിച്ചു എന്നതിന് ഉത്തരമില്ല. ഈ മോതിരം എവിടെ നിന്ന് വന്നന്നോ അതിന് പിന്നിലെ രഹസ്യമുണ്ടെന്നോ ആർക്കുമറിയില്ല. മോതിരത്തെ ചുറ്റിപ്പറ്റി നടന്നതെല്ലാം തികച്ചും ആകസ്മികമായി നടന്നതാകാമെന്നും കെട്ടുകഥകളാകാമെന്നും ചിലർ പറയുന്നു. ഏതായാലും അകാലത്തിൽ പൊലിഞ്ഞുപോയ വാലന്റീനോയും അദ്ദേഹത്തിന്റെ മോതിരവും ഇന്നും കഥകളിൽ നിറഞ്ഞു നിൽക്കുന്നു.