
തിരുവനന്തപുരം: എൻ.സി.പി വിട്ട മാണി സി. കാപ്പനെ യു.ഡി.എഫിൽ ഏതുതരത്തിൽ ഉൾപ്പെടുത്തണമെന്നതിൽ കോൺഗ്രസിൽ അഭിപ്രായഭിന്നത. ഇന്നലെ ചേർന്ന തിരഞ്ഞെടുപ്പ് മേൽനോട്ട സമിതി യോഗത്തിൽ ധാരണയാവാത്തതിനെ തുടർന്ന് കാപ്പൻ വിഷയം യു.ഡി.എഫിൽ തീരുമാനിക്കാനായി മാറ്റി.
കാപ്പനെ കോൺഗ്രസിൽ ചേർത്ത് കൈപ്പത്തി ചിഹ്നത്തിൽ പാലായിൽ മത്സരിപ്പിക്കണമെന്ന നിർദ്ദേശം കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ യോഗത്തിൽ ആവർത്തിച്ചു. കോൺഗ്രസിൽ ലയിക്കുന്നതാവും നല്ലതെന്ന അഭിപ്രായവുമായി കൊടിക്കുന്നിൽ സുരേഷും മുല്ലപ്പള്ളിയെ പിന്തുണച്ചു.
വിയോജിച്ച പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, കാപ്പനെയും ഒപ്പമുള്ളവരെയും മുന്നണിയിൽ ഘടകകക്ഷിയാക്കണമെന്ന് നിർദ്ദേശിച്ചു. എൽ.ഡി.എഫിൽ പരമാവധി ഭിന്നിപ്പിനാണ് ശ്രമിക്കേണ്ടതെന്നും അതിനായി പരമാവധി പേരെ അവിടെ നിന്ന് അടർത്തി മാറ്റണമെന്നും ചെന്നിത്തല പറഞ്ഞു.
മാണി സി.കാപ്പന്റെ മുന്നണി പ്രവേശനം യു.ഡി.എഫ് തീരുമാനിക്കുമെന്ന് മേൽനോട്ടസമിതി അദ്ധ്യക്ഷൻ ഉമ്മൻ ചാണ്ടി പിന്നീട് വാർത്താസമ്മേളനത്തിൽ അറിയിച്ചു.
പന്ത്രണ്ട് സീറ്റുകൾക്കായുള്ള പി.ജെ. ജോസഫിന്റെ ആവശ്യത്തിന് വഴങ്ങേണ്ടെന്ന് നേതാക്കൾ തീരുമാനിച്ചു. അടുത്ത ചർച്ചയിൽ അവരെ ഇക്കാര്യമറിയിച്ച് വേഗത്തിൽ സീറ്റ് വിഭജനം പൂർത്തിയാക്കാനാണ് ധാരണ.
ജില്ലാതലത്തിലും തിരഞ്ഞെടുപ്പ് മേൽനോട്ടസമിതി വേണമെന്ന അഭിപ്രായമുയർന്നെങ്കിലും സമിതി അംഗങ്ങളാകാൻ ജില്ലാനേതാക്കൾ മത്സരിക്കുന്നത് തർക്കത്തിനിടയാക്കുമെതിനാൽ വേണ്ടെന്ന് തീരുമാനിച്ചു. പകരം പാർലമെന്റ് മണ്ഡലാടിസ്ഥാനത്തിൽ അസംബ്ലിമണ്ഡലങ്ങളുടെ പൊതുചുമതല എം.പിമാർക്ക് നൽകും.
എം. പിമാരില്ലാത്ത കോട്ടയത്ത് ഉമ്മൻ ചാണ്ടിക്കും ആലപ്പുഴയിൽ മാവേലിക്കര എം.പി കൊടിക്കുന്നിൽ സുരേഷിനും രാഹുൽ ഗാന്ധിയുടെ മണ്ഡലമായ വയനാട്ടിൽ വടകര എം.പി കെ. മുരളീധരനും അധിക ചുമതല നൽകും. കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റായ കെ.വി. തോമസിന് മാദ്ധ്യമ ഏകോപന ചുമതല നൽകി.
പത്തംഗ സമിതിയിൽ വി.എം. സുധീരനും കെ. സുധാകരനുമൊഴിച്ചുള്ളവർ ഇന്നലെ യോഗത്തിനെത്തി. ഐശ്വര്യകേരള യാത്ര സമാപിച്ച ശേഷം 23ന് വൈകിട്ട് അടുത്ത യോഗം ചേരും. സമൂഹമാദ്ധ്യമ പ്രചരണം ശക്തമാക്കി സർക്കാർപ്രചാരണങ്ങളെ പ്രതിരോധിക്കാനും ധാരണയായി.
ഇ. ശ്രീധരൻ ബി.ജെ.പിയിലേക്ക് പോയതിൽ ദു:ഖം
ഇ. ശ്രീധരനെക്കുറിച്ച് നല്ല അഭിപ്രായമാണെന്നും അദ്ദേഹം ബി.ജെ.പിക്കൊപ്പം പോയതിൽ ദു:ഖമുണ്ടെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. ആ തീരുമാനം വേണ്ടായിരുന്നുവെന്ന് എന്റെ മനസ് പറയുന്നു. ഇന്ത്യക്കായി ഒത്തിരി സംഭാവനകൾ നൽകിയ അദ്ദേഹം കേരളത്തിലും കൊച്ചി മെട്രോ ഉൾപ്പെടെയുള്ള പദ്ധതികൾ വിജയകരമായി നടത്തി. അദ്ദേഹത്തിന്റെ തീരുമാനത്തെ ചോദ്യം ചെയ്യാനില്ലെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.