
വേനൽക്കാലത്തെ ചുട്ടുപൊള്ളുന്ന സൂര്യപ്രകാശം നിരവധി ചർമ്മരോഗങ്ങൾക്ക് കാരണമാകാറുണ്ട്. അത്തരം ചിലരോഗങ്ങളെക്കുറിച്ചാണ് ഇത്തവണപറയുന്നത്.
 പോളി മോർഫസ്
ലൈറ്റ് ഇറപ്ഷൻ
ഏതു പ്രായക്കാരെയും ഇത് ബാധിക്കാം. പ്രധാനമായും 30 നും 40 വയസിനുമിടയിലുള്ളവരെയാണ് ഇത് കൂടുതലായി ബാധിക്കുന്നത്.
ഇത് ശരീരത്തിലെ പ്രതിരോധ പ്രവർത്തനവുമായി ബന്ധപ്പെട്ടുള്ള ഒരു പ്രതിഭാസമാണ്. സൂര്യരശ്മി ഒരു ആന്റിജനെ തൊലിയിൽ സൃഷ്ടിക്കുകയും അതിനെതിരായി ചർമ്മം പ്രവർത്തിക്കുകയും ചെയ്യുന്നതായി കരുതപ്പെടുന്നു.
വസ്ത്രം കൊണ്ട് മറയാത്ത ഭാഗങ്ങളിൽ ചൊറിച്ചിലും പാടുകളും ഉണ്ടാകുന്നു. കൈകളുടെ പുറം ഭാഗങ്ങളിൽ, കഴുത്തിന് പിറകുവശത്ത്, പാദങ്ങളിൽ ഒക്കെയാണ് സാധാരണ ഇത് കാണപ്പെടുന്നത്. മുഖത്ത് വരുന്നത് അപൂർവ്വമാണ്. അതിന് കാരണം, നിരന്തരം സൂര്യരശ്മിയേൽക്കുമ്പോൾ അതിനോട് പൊരുത്തപ്പെടാൻ മുഖത്തെ ചർമ്മത്തിനാവുന്നു എന്നതാണ്.
 ക്രോണിക് അക്‌റ്റിനിക്
ഡെർമാറ്റൈറ്റിസ്
വസ്ത്രങ്ങൾ കൊണ്ട് മറയാത്ത ഭാഗങ്ങളിൽ ചർമ്മത്തിൽ ചൊറിച്ചിലും കുരുക്കളും ഉണ്ടാക്കുന്ന രാേഗമാണിത്. 50 വയസു കഴിഞ്ഞവരിലാണ് കൂടുതലും കണ്ടുവരുന്നത്. തടിപ്പും ചുവപ്പും രൂക്ഷമായ അവസ്ഥയിൽ ഉള്ളിൽ സ്റ്റിറോയ്ഡ് കൊടുക്കേണ്ടി വന്നേക്കാം.
 സോളാർ അർട്ടിക്കേരിയ
സൂര്യരശ്മി പതിച്ചാൽ ഉടനെ ശരീരത്തിൽ തടിപ്പും ചുവപ്പും ചൊറിച്ചിലും ചിലരിൽ കണ്ടുവരുന്നു. കഠിനമായ രശ്മികൾ കൂടുതലുള്ള കാലാവസ്ഥയിലാണ് ഇത് സാധാരണയായി കണ്ടുവരുന്നത്. മിക്കവാറും എല്ലാവരിലും കാണും. പക്ഷെ ചിലർക്ക് പ്രശ്നം ഗുരുതരമാകുകയും തൊലി ചെതുമ്പൽ പോലെ ഇളകി പോവുകയും വെള്ളമൊലിക്കുകയും ചെയ്യും. കുറേ നാൾ ഈ പ്രക്രിയ തുടർന്നാൽ തൊലി വല്ലാതെ വരണ്ട്, തടിച്ച്, കറുത്ത നിറമാകുന്നത് കാണാം. ചൂട് സമയത്ത് ഈ അസുഖം സ്ഥിരമായി വരുന്നവരിൽ, വസ്ത്രം കൊണ്ട് മറയുന്ന ഭാഗത്തും ഈ രോഗ ലക്ഷണങ്ങൾ കണ്ടുവരുന്നു. ചിലർക്ക് ഇത് ശരീരമാസകലം കണ്ടുവരുന്നുണ്ട്.
 ഫോട്ടോ ടോക്സിസിറ്റി
ചില ഔഷധങ്ങൾ കഴിക്കുന്നവരിൽ സൂര്യപ്രകാശം ഏൽക്കുമ്പോൾ ശരീരം പ്രതിപ്രവർത്തനം നടത്തുകയും ചർമ്മത്തിൽ ചുവപ്പ്, തടിപ്പ്, ചൊറിച്ചിൽ, കുരുക്കൾ, എരിച്ചിലോട് കൂടിയ തടിപ്പുകൾ എന്നിവ ഉണ്ടാകുന്നു. ചിലരിൽ ചെറിയ കുമിളകളും പൊള്ളലും ഉണ്ടാകും. വെയിലേൽക്കുന്ന ഭാഗങ്ങളിലാണ് ഇത് പ്രത്യക്ഷപ്പെടുന്നത്.
വേദനാസംഹാരികൾ, ആന്റിബയോട്ടിക്കുകൾ, ഹെയർ ഡൈകൾ, ചിലതരം പെർഫ്യൂമുകൾ, നാരങ്ങ പോലെ പുളി കൂടുതലുള്ള പച്ചക്കറികൾ ഇവയാണ് പൊതുവേ ഈ ചർമ്മരോഗം ഉണ്ടാക്കുന്നത്. ഇതിന് സ്റ്റിറോയ്ഡ് അടങ്ങിയ ഗുളികകൾ നൽകേണ്ടിവരും. പുറമെ പുരട്ടാൻ സൺസ്‌ക്രീനുകളും ആവശ്യമാണ്.
 ഫോട്ടോ അലർജി
ഇതു വളരെ താമസിച്ച് പ്രത്യക്ഷപ്പെടുന്ന ഒരു പ്രതിഭാസമാണ്. ചിലതരം സുഗന്ധ ലേപനങ്ങൾ, ആന്റിബയോട്ടിക് ഓയിൻമെന്റുകൾ, ചിലതരം സോപ്പുകൾ ഇവ ഉപയോഗിക്കുമ്പോൾ ശരീരത്തിൽ ഇവയ്‌ക്കെതിരായ പ്രവർത്തനം നടക്കുകയും സൂര്യപ്രകാശം അതിനെ ത്വരിതപ്പെടുത്തുകയും ചെയ്യും. ഇവ ഉപയോഗിച്ച് കുറച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടായിരിക്കും ഈ ചർമ്മരോഗം ഉണ്ടാകുന്നത്. അതുകൊണ്ട് രോഗലക്ഷണങ്ങൾ മാത്രം കണ്ടു ചികിത്സിക്കാതെ രോഗിയോട് ഉപയോഗിച്ച വസ്തുക്കളുടെ ഒക്കെ വിവരങ്ങൾ നന്നായി ചോദിച്ചറിയേണ്ടത് അത്യാവശ്യമാണ്.
ഡോ. ശ്രീരേഖ പണിക്കർ
കൺസൾട്ടന്റ് ഡെർമറ്റോളജിസ്റ്റ്
എസ്. യു. ടി ആശുപത്രി
പട്ടം, തിരുവനന്തപുരം.