
തിരുവനന്തപുരം: പി.എസ്.സി പരീക്ഷയെഴുതാൻ ഏർപ്പെടുത്തിയ പുതിയ പരിഷ്കാരം ലക്ഷക്കണക്കിന് ഉദ്യോഗാർത്ഥികളുടെ അവസരങ്ങൾ തകർക്കുന്നതിനാൽ പിൻവലിക്കണമെന്നാവശ്യപ്പെട്ട് മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നൽകി.
പി.എസ്.സി പരീക്ഷയെഴുതാൻ കൺഫർമേഷൻ (അനുമതി) വേണമെന്നും പ്രാഥമിക സ്ക്രീനിംഗ് പരീക്ഷ പാസ്സാകണമെന്നുമുള്ള നിബന്ധനകളാണ് ഉദ്യോഗാർത്ഥികൾക്ക് വിനയാകുന്നതെന്ന് ഉമ്മൻചാണ്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
എസ്.എസ്.എൽ.സി മിനിമം യോഗ്യതയായി നിശ്ചയിച്ച 191 തസ്തികകളിലേക്കുള്ള പ്രാഥമിക സ്ക്രീനിംഗ് പരീക്ഷയ്ക്ക് അപേക്ഷിച്ച 24ലക്ഷം പേരിൽ 16 ലക്ഷം പേർക്കാണ് കൺഫർമേഷൻ കിട്ടിയത്. 2018ലെ പരിഷ്കാരത്തിലൂടെ എട്ട് ലക്ഷം പേരുടെ സ്വപ്നമാണ് പി.എസ്.സി തകർത്തത്. സ്ക്രീനിംഗ് പരീക്ഷയിൽ വിജയിക്കുന്നവർക്കേ അവർ അപേക്ഷിച്ച തസ്തികകളിലേക്കുള്ള പരീക്ഷയെഴുതാനും റാങ്ക്ലിസ്റ്റിൽ ഇടം നേടാനുമാകൂ. അടുത്ത സ്ക്രീനിംഗ് പരീക്ഷ 3 മുതൽ 5 വർഷം വരെ വൈകാം. പുറത്തായവർക്ക് അത്രയും കാലം മറ്റൊരു പരീക്ഷയിൽ പങ്കെടുക്കാനാവില്ല.
കൊവിഡ് മഹാമാരിയും സർക്കാരിന്റെ ബന്ധുനിയമനവും താൽക്കാലിക നിയമനവും കാരണം അനേകായിരം പേർക്ക് അവസരം നഷ്ടപ്പെട്ടു. അവർ തെരുവുകളിൽ സമരം ചെയ്യുകയാണ്. അതിനിടയിലാണ് എട്ട് ലക്ഷം പേരെ വഴിയാധാരമാക്കിയ നടപടി. ഇനിയുള്ള പരീക്ഷകളിലും ഇതുപോലെ ലക്ഷക്കണക്കിന് യുവാക്കളെയാണ് വെട്ടിനിരത്താൻ പോകുന്നത്. ചർച്ചകൾക്കും കൂടിയാലോചനയ്ക്കും ശേഷമേ തുടർനടപടികളുമായി പി.എസ്.സി മുന്നോട്ട് പോകാവൂവെന്ന് സർക്കാർ നിർദ്ദേശം നൽകണം.
ഉദ്യോഗാർത്ഥികളുടെ സമരം എത്രയും വേഗം തീർക്കാൻ ഇടപെടണം. 147 റാങ്ക് ലിസ്റ്റുകൾ റദ്ദാക്കി രണ്ടരക്കൊല്ലം കഴിഞ്ഞിട്ടും പുതിയ ലിസ്റ്റ് വന്നില്ല. റദ്ദായ 49 റാങ്ക്പട്ടികകളിലുള്ള തസ്തികകളിൽ 880 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഒരാളെയും നിയമിക്കാനാവുന്നില്ല. റദ്ദായ ലിസ്റ്റിൽപെട്ടവരുടെ നിരാശയെന്തായിരിക്കും? സിവിൽ പൊലീസ് ഓഫീസർ റാങ്കുകാർ കോടതിയിൽ പോയിരിക്കെ, സർക്കാരിന് കക്ഷിചേർന്ന് അവരെ സഹായിക്കാനാകുമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.