
ക്രൂരത - മകനെ ക്രൂരമായി മർദ്ദിക്കുന്നതിൽ മനംനൊന്ത് ചൈൽഡ് ലൈനിൽ പരാതി നല്കിയ വൈരാഗ്യത്തിൽ
കോട്ടയം: മകനെ ക്രൂരമായി മർദ്ദിക്കുന്നതിൽ മനംനൊന്ത് ചൈൽഡ് ലൈനിൽ പരാതി നല്കിയ അമ്മയ്ക്കെതിരെ കാമുകന്റെ ക്രൂരത. പരാതി നൽകിയ വൈരാഗ്യത്തിൽ 40 കാരൻ 36 കാരിയെ കുത്തികൊന്നു.
കുമളി താമരക്കണ്ടം സ്വദേശി റസിയയാണ് (ഉമ- 36) മരിച്ചത്. സംഭവത്തിൽ കോട്ടമല രണ്ടാം ഡിവിഷൻ മണികണ്ഠൻ ഭവനിൽ ഈശ്വരനെ (40) പൊലീസ് വാഗമണ്ണിൽ നിന്ന് പിടികൂടി. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.
ഇന്നലെ രാവിലെയായിരുന്നു സംഭവം. വിവാഹമോചിതരാണ് ഇരുവരും. ആദ്യ വിവാഹത്തിലെ കുട്ടികളെ ചിൽഡ്രൻസ് ഹോമിലാക്കുന്നതിനിടെയാണ് ഇരുവരും പരിചയപ്പെട്ടത്. തുടർന്ന് എട്ട് മാസങ്ങൾക്ക് മുമ്പ് റസിയ ഈശ്വരനുമായി ഒന്നിച്ചു താമസം തുടങ്ങി. കഴിഞ്ഞ ദിവസം ഈശ്വരൻ റസിയയുടെ മകനെ ക്രൂരമായി ഉപദ്രവിച്ചിരുന്നു. ഇത് ചോദ്യം ചെയ്ത റസിയ കുട്ടിക്കെതിരായ അക്രമം സംബന്ധിച്ച് ചൈൽഡ് ലൈനിൽ പരാതിപ്പെട്ടു. തുടർന്ന് ചൈൽഡ് ലൈനിൽ നിന്ന് അന്വേഷണം വന്നതോടെ ഇരുവരും തമ്മിൽ തെറ്റിപ്പിരിഞ്ഞു.
തുടർന്ന് മൂന്ന് ദിവസങ്ങൾക്ക് മുമ്പ് റസിയ മറ്റൊരു വാടക വീട്ടിലേക്ക് താമസം മാറ്റിയിരുന്നു. പരാതി നൽകിയ വൈരാഗ്യത്തിൽ ഈശ്വരൻ വെള്ളിയാഴ്ച റസിയ താമസിക്കുന്ന സ്ഥലത്തെത്തി വഴക്കുണ്ടാക്കുകയും കൈയിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് കുത്തുകയുമായിരുന്നു. റസിയയുടെ കരച്ചിൽ കേട്ട് നാട്ടുകാർ ഓടിക്കൂടുന്നതിനിടെ ഈശ്വരൻ ഓടി രക്ഷപ്പെട്ടു. റസിയയെ കുമളിയിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം കോട്ടയം മെഡിക്കൽ കോളജിലേയ്ക്ക് കൊണ്ടുംപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.