
വക്കം: മലയാള സിനിമയിൽ വേറിട്ട ശബ്ദവുമായി കടന്നു വന്ന കെ.പി. ബ്രഹ്മാനന്ദന് ജന്മനാട്ടിൽ സ്മാരകം നിർമ്മിക്കണമെന്നാവശ്യം ശക്തമാകുന്നു. അദ്ദേഹത്തിന്റെ സ്മരണാർത്ഥം പാണന്റെമുക്ക് - ഭജനമഠം റോഡിൽ സ്ഥാപിച്ച കെ.പി. ബ്രഹ്മാനന്ദൻ സ്മാരക റോഡ് എന്ന ശിലാഫലകം പോലും ഇപ്പോൾ കാണാനില്ല. ഒരു കാലത്ത് മലയാള സിനിമാ പിന്നണി ഗായകരിലെ ത്രയങ്ങളായിരുന്നു യേശുദാസ് - ജയചന്ദ്രൻ - ബ്രഹ്മാനന്ദൻ. കാലത്തിന്റെ കുത്തൊഴുക്കിൽ അദ്ദേഹം വിസ്മൃതനാവുകയായിരുന്നു.
ആകാശവാണിയിലെ ഗാനാലാപന മത്സരത്തിൽ ചെറു പ്രായത്തിൽ തന്നെ രാഷ്ട്രപതിയിൽ നിന്ന് ദേശീയ പുരസ്കാരം ബ്രഹ്മാനന്ദൻ സ്വന്തമാക്കി. അദ്ദേഹം ആലപിച്ച ഗാനങ്ങളിൽ ഭൂരിഭാഗവും സൂപ്പർ ഹിറ്റായിരുന്നു. ചില സിനിമകളിൽ സംഗീത സംവിധാനവും നിർവഹിച്ചു. എന്നാൽ ഭാഗ്യം ബ്രഹ്മാനന്ദനെ പിന്തുണച്ചില്ല.
അദ്ദേഹത്തിന്റെ സംഗീത കച്ചേരികൾക്ക് ലോകമെമ്പാടും ആരാധകരുണ്ടായിരുന്നു. ലോക പ്രശസ്ത സംഗീത സംവിധായകൻ സ്റ്റീഫൻ ദേവസ്യ ബാല്യ കാലത്ത് കെ.പി. ബ്രഹ്മാനന്ദന്റെ കീബോർഡിസ്റ്റായിരുന്നു എന്നുള്ളത് പലർക്കും ചിലപ്പോൾ പുതിയ ഒരറിവായിരിക്കാം.
കെ.പി. ബ്രഹ്മാനന്ദൻ താമസിച്ചിരുന്ന ഭജനമഠത്തിലെ വീട് ഇന്ന് മൃതാവസ്ഥയിലാണ്. അതും അദ്ദേഹത്തെ സ്നേഹിക്കുന്നവരെ സംബന്ധിച്ച് ദുഃഖകരമായ കാര്യമാണ്.