
തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല മഹോത്സവവുമായി ബന്ധപ്പെട്ട എല്ലാ ചടങ്ങുകളിലും കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്ന് ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ പറഞ്ഞു. ക്ഷേത്ര ദർശനത്തിനെത്തുന്ന ഭക്തർ സാമൂഹിക അകലം പാലിക്കുന്നതിലും മാസ്‌ക്, സാനിറ്റൈസർ എന്നിവ ഉപയോഗിക്കുനതിലും ജാഗ്രത പുലർത്തണം. മാനദണ്ഡങ്ങൾ ഉറപ്പാക്കാൻ ഉത്സവം അവസാനിക്കുന്നതുവരെ സെക്ടറൽ മജിസ്‌ട്രേറ്റുമാരെ സ്‌പെഷ്യൽ ഡ്യൂട്ടിയിൽ നിയോഗിച്ചതായും കളക്ടർ അറിയിച്ചു. പൊതുനിരത്തുകളിലും പൊതുസ്ഥലങ്ങളിലും പൊങ്കാല ഇടരുതെന്ന കാര്യം ക്ഷേത്ര ഭരണസമിതിയും ഉറപ്പാക്കണം. ക്ഷേത്ര ചടങ്ങുകൾ ടെലിവിഷനിലെ തത്സമയ സംപ്രേഷണത്തിലൂടെ ഭക്തർക്കു കാണാം. പൊങ്കാലയിട്ട ശേഷം ഭക്തർ ക്ഷേത്രത്തിലേക്ക് കൂട്ടമായി എത്തുന്നതും നിർബന്ധമായി ഒഴിവാക്കണം. തിരക്ക് നിയന്ത്രിക്കുന്നതിന് ക്ഷേത്ര പരിസരത്ത് പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. ഇവരുടെ നിർദ്ദേശങ്ങൾ പാലിക്കാൻ എല്ലാവരും തയ്യാറാകണം. ക്ഷേത്രപ്രവേശനത്തിന് മുമ്പായി തെർമ്മൽ സ്‌കാനിംഗ് ഉണ്ടാകും. ഉത്സവത്തിന്റെ ഭാഗമായി നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്റ്റേജ് കെട്ടിയുള്ള പരിപാടികളും അനുബന്ധ പ്രവർത്തനങ്ങളും നിയന്ത്രിക്കും. ക്ഷേത്ര പരിസരത്ത് നിലവിലുള്ള കച്ചവട സ്ഥാപനങ്ങൾക്കു പുറമേ പുതുതായി കടകൾ തുറക്കാൻ അനുവാദമില്ല. ഉത്സവം അവസാനിക്കുന്നതുവരെയുള്ള ദിവസങ്ങളിൽ പൂർണ സജ്ജമായ മെഡിക്കൽ സംഘം ക്ഷേത്ര പരിസരത്ത് ക്യാമ്പ് ചെയ്യും. ടോയ്‌ലെറ്റുകൾ സജ്ജമാക്കൽ, ശുചീകരണ പ്രവർത്തനങ്ങൾ എന്നിവ പൂർത്തിയായിട്ടുണ്ട്. ക്ഷേത്രത്തിലും പരിസര പ്രദേശങ്ങളിലും ഉത്സവ കാലയളവിൽ ഹരിതചട്ടം കർശനമായി പാലിക്കണമെന്നും കളക്ടർ പറഞ്ഞു.