sudhakaran

തിരുവനന്തപുരം: എറണാകുളം-ശബരിമല റോഡിലെ 43.676 കി. മീറ്ററും, മൂവാറ്റുപുഴ-ആലപ്പുഴ റോഡിലെ 21.55 കി.മീറ്റർ റോഡും സ്റ്റേറ്റ് ഹൈവേയാക്കുന്നതിന് ഉത്തരവിട്ടതായി മന്ത്രി ജി. സുധാകരൻ അറിയിച്ചു. ഇൗ റോഡുകൾ എറണാകുളം, മൂവാറ്റുപുഴ, കോട്ടയം പൊതുമരാമത്ത് ഡിവിഷനുകളുടെ കീഴിൽ വരുന്നതാണ്. എറണാകുളം ഡിവിഷനു കീഴിലെ നടക്കാവ് മുതൽ പേപ്പതി ജംഗ്ഷൻ വരെയും, മൂവാറ്റുപുഴ ഡിവിഷനു കീഴിലെ പേപ്പതിപ്പാറ മുതൽ പിറവം പി.ഒ. ജംഗ്ഷൻ വരെയും ഒലിയപുരം മുതൽ പെരുംകുട്ടി വരെയും, കോട്ടയം ഡിവിഷനിലെ പെരുംകുട്ടി മുതൽ പാല വരെയും ഉളള ഭാഗങ്ങളാണ് എറണാകുളം-ശബരിമല റോഡിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. മൂവാറ്റുപുഴ ഡിവിഷനു കീഴിലെ പിറവം റോഡ് ജംഗ്ഷൻ മുതൽ അഞ്ചൽപെട്ടി വരെയും, പിറവം ആശുപത്രി ജംഗ്ഷൻ മുതൽ മൂലക്കുളം വരെയും, കോട്ടയം ഡിവിഷനിലെ മൂലക്കുളം മുതൽ പെരുവ ജംഗ്ഷൻ വരെയുമുളള റോഡുകളാണ് മൂവാറ്റുപുഴ-ആലപ്പുഴ റോഡിൽ ഉൾപ്പെടുത്തിയതെന്നും മന്ത്രി അറിയിച്ചു. 154.611 കി.മീ നീളമുളള എറണാകുളം-ശബരിമല റോഡും, 82.998 കി.മീ ഉള്ള മൂവാറ്റുപുഴ-ആലപ്പുഴ റോഡും ഈ ഉത്തരവോടെ പൂർണമായും സ്റ്റേറ്റ് ഹൈവേയായി ഉയർത്തി.