muraleedharan

തിരുവനന്തപുരം: ഭൂരിപക്ഷ സമുദായങ്ങൾക്കുവേണ്ടി ശബ്ദിച്ചാൽ മാത്രം വർഗീയവാദികളായി ചിത്രീകരിക്കുന്ന അന്തരീക്ഷമാണ് സംസ്ഥാനത്തുള്ളതെന്നും ഭൂരിപക്ഷ പിന്നാക്ക സമുദായങ്ങളുടെ ഐക്യം രൂപപ്പെടേണ്ടത് അത്യാവശ്യമാണെന്നും കേന്ദ്ര സഹമന്ത്രി വി. മുരളീധരൻ പറഞ്ഞു. അഖില കേരള നായിഡു സമുദായസഭ (എ.കെ.എൻ.എസ്.എസ്) 14ാം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നായിഡു സമുദായം നടത്തിയ പോരാട്ടത്തിന്റെ ഫലമാണ് ഒ.ബി.സി സംവരണ വിഭാഗത്തിൽ ഉൾപ്പെടാനായത്. സംഘടിക്കുകയും ശബ്ദമുയർത്തുകയും ചെയ്യുന്നവർക്കുമാത്രമെ അംഗീകാരം ലഭിക്കുകയുള്ളു എന്നതിന്റെ തെളിവാണിതെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. എ.കെ.എൻ.എസ്.എസ് സംസ്ഥാന പ്രസിഡന്റ് എസ്. ഗണേഷ്‌കുമാർ നായിഡു അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി സംസ്ഥാന കൗൺസിൽ അംഗം ശ്രീവരാഹം വിജയൻ, പുരുഷോത്തമൻ(സേവാഭാരതി), എ.കെ.എൻ.എസ്.എസ് നേതാക്കളായ എസ്. സുന്ദരം, എസ്. പ്രതാപ്കുമാർ, വി. അമുതൻ തുടങ്ങിയവർ പങ്കെടുത്തു.