
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം കുറയുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നിലവിൽ ചികിത്സയിലുള്ള രോഗികളുടെ എണ്ണം 60,178 ആണ്. കഴിഞ്ഞ ആഴ്ചയിൽ ഇതേ ദിവസം 63,915 രോഗികളാണുണ്ടായിരുന്നത്. ഏകദേശം 5.8 ശതമാനം (3,737 രോഗികളുടെ) കുറവ്.
എല്ലാ ജില്ലകളിലും സെറൊ പ്രിവലൻസ് പഠനത്തിന്റെ ഭാഗമായ സാമ്പിൾ കളക്ഷൻ തുടങ്ങി. കേരളത്തിലുണ്ടായ കൊവിഡ് വ്യാപനത്തെക്കുറിച്ച് വളരെ സമഗ്രമായ ചിത്രം ലഭിക്കാൻ ഈ പഠനം സഹായിക്കും.
കുറച്ചു മാസങ്ങളിൽ രോഗം കൂടുതൽ വ്യാപിച്ചു. കർശനമായ ജാഗ്രത പുലർത്താനുള്ള ഉത്തരവാദിത്വം എല്ലാവരും ഏറ്റെടുക്കണം. രോഗം പിടിപെടാത്ത ഒരുപാടാളുകൾ കേരളത്തിലുള്ളതിനാൽ നിയന്ത്രണങ്ങൾ പാലിക്കാതെ നമുക്ക് മുമ്പോട്ടുപോകാനാവില്ല. വാക്‌സിൻ സ്വീകരിക്കാൻ എല്ലാവരും സന്നദ്ധരാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.