
തിരുവനന്തപുരം : സംസ്ഥാനത്ത് കൊവിഡ് വാക്സിനേഷൻ കൂടുതൽ പേരിൽ എത്തിക്കുന്നതിന് കൂടുതൽ വാക്സിൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യമന്ത്രി ഡോ.ഹർഷവർദ്ധന് മന്ത്രി കെ.കെ.ശൈലജ കത്തയച്ചു. മൂന്നാമത്തെ മുൻഗണനാ ഗ്രൂപ്പായ 50 വയസിന് മുകളിൽ പ്രായമുള്ളവരുടെ വാക്‌സിനേഷനായാണ് കൂടുതൽ വാക്സിൻ ആവശ്യപ്പെട്ടിരിക്കുന്നത്. രാജ്യത്ത് ഏറ്റവും കൂടുതൽ പ്രായമായ ജനസംഖ്യയുള്ളത് കേരളത്തിലാണെന്നും ഇവർക്ക് വാക്‌സിൻ നൽകുന്നതിനുള്ള മാർഗനിർദ്ദേശം ആരോഗ്യ മന്ത്രാലയം എത്രയുംവേഗം ലഭ്യമാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.