akhil

തിരുവനന്തപുരം: സംസ്ഥാന എയർ റൈഫിൾ പാരാഷൂട്ടിംഗ് ചാമ്പ്യൻ അഖിൽ എസ്.സാമിനും ജൂനിയർ ചെസ് മാസ്റ്റർ കെ.ലവനും കായികവകുപ്പിന്റെ സഹായഹസ്തം. അഖിലിന് സ്‌പോർട്സ് വീൽചെയർ വാങ്ങുന്നതിന് മൂന്ന് ലക്ഷവും ലവന് പരിശീലന സഹായമായി 1.5 ലക്ഷം രൂപയും കായികവികസന നിധിയിൽനിന്ന് അനുവദിച്ചു. കായിക മന്ത്രി ഇ.പി.ജയരാജന് ഇരുവരും നിവേദനം നൽകിയിരുന്നു. 2019ലെ സംസ്ഥാന പാരാഷൂട്ടിംഗിൽ സ്വർണം നേടിയ താരമാണ് അഖിൽ. തിരുവനന്തപുരം സ്വദേശിയായ അഖിലിന് 2016ൽ അപകടം സംഭവിച്ച് അരക്ക് കീഴെ തളർന്നിരുന്നു. വീൽചെയറിന്റെ സഹായത്തോടെയാണ് പരിശീലനം നടത്തുന്നത്. കേരളാ യൂണിവേഴ്സിറ്റിയിൽ ബി.എ സോഷ്യോളജി വിദ്യാർത്ഥിയാണ്. സംസ്ഥാന ജൂനിയർ സ്‌കൂൾ ചെസ് ടൂർണമെന്റിൽ ജേതാവായ ലവൻ കണ്ണൂർ മട്ടന്നൂർ സ്വദേശിയാണ്. കോളയാട് സെന്റ് കോർണേലിയൂസ് ഹയർസെക്കന്ററി സ്‌കൂളിൽ എട്ടാംക്ലാസ് വിദ്യാർത്ഥിയായ ലവന്റെ അച്ഛന് ചെരുപ്പ് കുത്തലാണ് ജോലി. അച്ഛനായിരുന്നു ലവന്റെ പരിശീലകൻ. കിടപ്പാടമില്ലാത ദുരിതമനുഭവിച്ചിരുന്ന ലവന്റെ കുടുംബത്തിന് കോളയാട് പഞ്ചായത്ത് ഭൂമി അനുവദിക്കുകയും ലൈഫ് പദ്ധതിയിൽ ഉൾപെടുത്തി വീട്നിർമ്മിച്ച് നൽകുകയും ചെയ്തിരുന്നു.