തിരുവനന്തപുരം: ഇ. ശ്രീധരൻ മഹാനായ വ്യക്തിയാണെന്നും ഏത് സ്ഥാനവും വഹിക്കാൻ യോഗ്യനാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മുഖ്യമന്ത്രിയെയും സർക്കാരിനെയും കുറിച്ചുള്ള ശ്രീധരന്റെ വിമർശനങ്ങൾക്ക് മറുപടിയായാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. അദ്ദേഹം വലിയ ടെക്നോക്രാറ്റും രാജ്യം പത്മശ്രീ നൽകി ആദരിച്ച വ്യക്തിയുമല്ലേ. അദ്ദേഹത്തിന്റെ മോഹത്തിനനുസരിച്ച് കാര്യങ്ങൾ നടക്കട്ടെ- മുഖ്യമന്ത്രി പറഞ്ഞു.
ബി.ജെ.പിയിൽ പ്രവർത്തിക്കുമെന്നും തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും കഴിഞ്ഞ ദിവസം ശ്രീധരൻ വ്യക്തമാക്കിയിരുന്നു.
സമരം തീരാൻ തെറ്റിദ്ധാരണ മാറണം
പി.എസ്.സി ഉദ്യോഗാർത്ഥികൾ തെറ്റിദ്ധാരണ കൊണ്ടാണ് സമരത്തിന് വന്നിരിക്കുന്നത്. ആ തെറ്റിദ്ധാരണ മാറിയാലേ സമരം അവസാനിക്കൂ. ഉദ്യോഗാർത്ഥികളെ സർക്കാർ കേട്ടില്ല എന്ന് പറയാനാവില്ല. വഴങ്ങിയില്ല എന്ന് വേണമെങ്കിൽ പറയാം. സമാധാനപരമായി സമരം തുടരാനാണ് തീരുമാനമെങ്കിൽ തുടരട്ടെ. വിവിധ വിഭാഗങ്ങൾ നാട്ടിൽ സമരം നടത്താറുണ്ട്. സെക്രട്ടേറിയറ്റിന് മുന്നിലെ സമരം മറ്റൊരു രീതിയിൽ മാറ്റാൻ ശ്രമിച്ചത് അവർ കണ്ടതാണ്. സമരം അവസാനിപ്പിക്കാൻ നടത്തിയ ചർച്ചയുടെ വിശദാംശങ്ങൾ സമ്പാദിച്ച ശേഷം പ്രതികരിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇ.ശ്രീധരന് ചരിത്ര
ധാരണയില്ല:
വിജയരാഘവൻ
കോഴിക്കോട്: നല്ലൊരു എൻജിനീയറാണെങ്കിലും ഇ.ശ്രീധരന് രാജ്യത്തിന്റെ ചരിത്രത്തെക്കുറിച്ച് കാര്യമായ ധാരണയില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി വിജയരാഘവൻ പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയൻ ഏകാധിപതിയെപ്പോലെയാണ് പെരുമാറുന്നതെന്ന ശ്രീധരന്റെ പരാമർശത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പിണറായി ഏകാധിപതിയാണെന്ന് പറയുന്ന ശ്രീധരൻ എത്തിയിരിക്കുന്നത് മതാധിപത്യത്തിലേക്കും ഏകാധിപത്യത്തിലേക്കും രാജ്യത്തെ നയിക്കുന്ന പാർട്ടിയിലാണ്. ആർ.എസ്.എസ് നിയന്ത്രിക്കുന്ന പാർട്ടിയിൽ ജനാധിപത്യമുണ്ടോ?.
തിരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിയെ ഏകാധിപതിയെന്ന് വിശേഷിപ്പിക്കുന്ന അദ്ദേഹത്തിന് ജനാധിപത്യ സംവിധാനത്തോട് മതിപ്പില്ലെന്നാണ് വ്യക്തമാവുന്നതെന്നും വിജയരാഘവൻ പറഞ്ഞു.
ഇ. ശ്രീധരൻ സംസാരിക്കുന്നത്
യു.ഡി.എഫിനായി: കോടിയേരി
തിരുവനന്തപുരം: യു.ഡി.എഫ് ജയിച്ച് ഉമ്മൻചാണ്ടി മുഖ്യമന്ത്രിയാവട്ടെ എന്നാണ് ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി ഇ. ശ്രീധരൻ പറയുന്നതെന്ന് കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. ഇതാണ് കേരളത്തിൽ നടക്കുന്ന അടിയൊഴുക്ക്. എൽ.ഡി.എഫിനെ തകർക്കലാണ് ആർ.എസ്.എസ് ലക്ഷ്യം. ഇത് ജനത്തിന് മനസിലാകും. സെക്രട്ടേറിയറ്റ് എംപ്ളോയീസ് അസോസിയേഷൻ വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കോൺഗ്രസുകാർ വിജയിച്ചാൽ ബി.ജെ.പിക്ക് വിലയ്ക്കെടുക്കാനാകും. കൈപ്പത്തിയിൽ താമര വിരിയിക്കാൻ അവർക്കറിയാം. മോദി പറഞ്ഞതനുസരിച്ചാണ് ഇ. ശ്രീധരനെ ബി.ജെ.പിയിലെത്തിച്ചത്. കേന്ദ്രഭരണം ഉപയോഗിച്ച് ചിലരെ പാർട്ടിയിലേക്ക് ആകർഷിക്കുകയാണ്. ഒരു സീറ്റു പോലുമില്ലാത്ത സ്ഥലത്ത് മുഖ്യമന്ത്രിയാകാം എന്നാണ് ശ്രീധരൻ പറയുന്നത്. ഇടതുപക്ഷ പ്രവർത്തകർ ജാഗ്രത പാലിച്ചാൽ തുടർഭരണം ഉണ്ടാകുമെന്നന്നും കോടിയേരി പറഞ്ഞു.
അസോസിയേഷൻ പ്രസിഡന്റ് പി. ഹണി അദ്ധ്യക്ഷതവഹിച്ചു. ജനറൽ സെക്രട്ടറി കെ.എൻ. അശോക്കുമാർ, ട്രഷറർ കല്ലുവിള അജിത്ത് എന്നിവർ പ്രസംഗിച്ചു.