
ഏക കുത്തിയോട്ടക്കാരനായി നന്ദൻകൃഷ്‌ണ
തിരുവനന്തപുരം: ആറ്റുകാൽ ഭഗവതിക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തിലെ പ്രധാന നേർച്ചകളിലൊന്നായ കുത്തിയോട്ടത്തിനുള്ള വ്രതം ഇന്ന് ആരംഭിക്കും. കൊവിഡ് സാഹചര്യത്തിൽ ഇത്തവണ ഒരു കുട്ടി മാത്രം പങ്കെടുക്കുന്ന പണ്ടാരഓട്ടം മാത്രമേ ഉണ്ടാകൂ. കഴിഞ്ഞ തവണ 830 ബാലന്മാരാണ് കുത്തിയോട്ടത്തിന് പേര് രജിസ്റ്റർ ചെയ്‌തിരുന്നത്. ചൂരൽകുത്തുന്ന രാധാകൃഷ്‌ണൻ നിർദ്ദേശിക്കുന്ന കുട്ടിയാണ് സാധാരണ പണ്ടാരഓട്ടത്തിന് എത്തുന്നത്. ഇത്തവണ നന്ദൻകൃഷ്ണ എന്ന ബാലനാണ് ആ ഭാഗ്യം ലഭിച്ചത്. ദേവിയെ കുടിയിരുത്തി മൂന്നാം നാളാണ് വ്രതം തുടങ്ങുന്നത്. 12 വയസിന് താഴെയുള്ള ബാലനാണ് കുത്തിയോട്ട വ്രതം അനുഷ്ടിക്കുന്നത്. രാവിലെ പള്ളിപ്പലകയിൽ കാണിക്ക സമർപ്പിച്ച് വ്രതം ആരംഭിക്കും. 27ന് നടക്കുന്ന പൊങ്കാലയ്ക്ക് ശേഷം പുറത്തെഴുന്നള്ളത്തിന് കുത്തിയോട്ടക്കാരൻ ദേവീദാസനായി അകമ്പടി പോകും. ഉത്സവത്തിന്റെ രണ്ടാം ദിവസമായ ശനിയാഴ്ച നിരവധി ഭക്തർ ആറ്റുകാലമ്മയെ തൊഴുതുമടങ്ങി. തിരക്ക് ഉണ്ടാകാതിക്കാൻ പ്രത്യേക ക്രമീകരണങ്ങൾ ട്രസ്റ്റ് ഏർപ്പെടുത്തിയിട്ടുണ്ട്. പച്ചപ്പന്തലിൽ ദേവിയുടെ വിവാഹത്തിന്റെ ഒരുക്കങ്ങളെക്കുറിച്ചാണ് ഇന്നലെ പാടിയത്. കോവലനും കണ്ണകിയുമായുള്ള വിവാഹത്തിന്റെ വർണനയാണ് ഇന്ന് പാടുന്നത്. ഈ ഭാഗം മാലപ്പുറം പാട്ടെന്ന് അറിയപ്പെടുന്നു. വരുംദിവസങ്ങളിൽ ഭക്തർക്കൊപ്പം വിളക്ക് കെട്ടുകളുടെ എണ്ണവും വർദ്ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിന് അനുസൃതമായ ഒരുക്കങ്ങൾ ക്ഷേത്രത്തിൽ നടത്തുന്നുണ്ട്. അംബ, അംബാലികാ എന്നീ ആഡിറ്റോറിയങ്ങളിൽ കലാപരിപാടികളും യുവ പ്രതിഭകളുടെ നൃത്തസംഗീത പരിപാടികളുമുണ്ട്.