
പാലോട്: നന്ദിയോട് ജംഗ്ഷനിലെ ഓടകളിൽ സ്ലാബ് ഇട്ട് മൂടാത്തതിനാൽ മാലിന്യം നിറഞ്ഞ് ദുർഗന്ധവും കൊതുകും പെരുകി പ്രദേശവാസികൾക്ക് ബുദ്ധിമുട്ടാകുന്നു. ന്ദിയോട് ഓട്ടോ സ്റ്റാൻഡിന് സമീപത്തെ റോഡ് നിർമ്മാണത്തെ തുടർന്ന് തുറന്ന് വച്ച ഓടകളാണ് നാളിതുവരെയായിട്ടും സ്ലാബ് ഇടാത്തത്.
ഈ കുഴികളിൽ നിരവധി പേരാണ് വീണ് പരിക്ക് പറ്റിയത്.
നന്ദിയോട് ചന്തയിൽ നിന്നും മാലിന്യം ഒഴുക്കിവിടുന്ന ഓട അടഞ്ഞതോടെ ചന്തയും പരിസരവും മാലിന്യകൂമ്പാരമായി മാറിയിട്ടുണ്ട്. ശാസ്ത്രീയമായി മാലിന്യ സംസ്കരണ സംവിധാനമൊരുക്കാൻ പഞ്ചായത്ത് അധികാരികൾക്ക് നാളിതുവരെ കഴിഞ്ഞിട്ടില്ല.
ഇതുകൂടാതെ ഈ ഓടയിലെ മാലിന്യം കലർന്ന വെള്ളം ചെന്നു ചേരുന്നത് നിരവധി പേർ ഉപയോഗിക്കുന്ന ആലംപാറ തോട്ടിലാണ്.
ഇതേ തുടർന്ന് കടുത്ത ആരോഗ്യ പ്രശ്നങ്ങളും കൊതുകുജന്യ രോഗങ്ങളും ത്വഗ് രോഗങ്ങളും ഇവരെ അലട്ടുന്നുണ്ട്. അടിയന്തരമായി ഓടകൾ സ്ലാബ് ഇട്ട് മൂടുകയും മാലിന്യ സംസ്കരണ സംവിധാനം ഒരുക്കി മാലിന്യം നശിപ്പിക്കുകയും ചെയ്യാനുള്ള അടിയന്തര നടപടി ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം. അധികൃതരുടെ ഭാഗത്തു നിന്നും അടിയന്തര നടപടി ഉണ്ടായില്ലെങ്കിൽ ശക്തമായ സമരപരിപാടികൾ ആരംഭിക്കുമെന്ന് സംയുക്ത ഓട്ടോ തൊഴിലാളി യൂണിയനുകൾക്കു വേണ്ടി സുബാഷ് (ഐ.എൻ.ടി.യു.സി), ഉദയകുമാർ (സി.ഐ.ടി.യു), ഷൈജു (ബി.എം.എസ്) എന്നിവർ അറിയിച്ചു.