
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയുടെ പുനരുദ്ധാരണത്തിന് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച പാക്കേജുകളുടെ അടിസ്ഥാനത്തിൽ രണ്ട് അംഗീകൃത തൊഴിലാളി സംഘടനകൾ 23 ന് പ്രഖ്യാപിച്ച സമരത്തിൽ നിന്നു പിന്മാറണമെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ഈ സമയത്ത് സമരം നടത്തുന്നത് ഇരിക്കുന്ന കൊമ്പ് മുറിക്കുന്നതിനു തുല്യമാണ്. സമരം പ്രഖ്യാപിച്ച സംഘടനകളുമായി ഇന്ന് സി.എം.ഡി ബിജുപ്രഭാകർ ചർച്ച നടത്തും.
കെ.എസ്.ആർ.ടി.സിക്കും ജീവനക്കാർക്കും മുമ്പൊരു കാലത്തും കിട്ടാത്ത പരിഗണനയാണ് ഈ സർക്കാർ നൽകിയത്. അഞ്ചു വർഷം മുമ്പ് ഇതേ മാസങ്ങളിൽ സെക്രട്ടേറിയറ്റിനു മുന്നിൽ കെ.എസ്.ആർ.ടി.സി ജീവനക്കാരും പെൻഷൻകാരും നിരന്തരം സമരം നടത്തിവരികയായിരുന്നു. അധികാരത്തിലെത്തിയാൽ ശമ്പളവും പെൻഷൻ ആനുകൂല്യങ്ങളും മുടങ്ങാതെ നൽകുമെന്നാണ് ആ കാലത്ത് എൽ.ഡി.എഫ് പറഞ്ഞിരുന്നത്. ഏറെ പ്രതിസന്ധികൾ ഉണ്ടായിട്ടുപോലും ശമ്പളവും പെൻഷനും നൽകാൻ സർക്കാർ ശ്രമിച്ചു. 5 വർഷത്തിനടയിൽ 5,500 കോടി രൂപയാണ് കെ.എസ്.ആർ.ടി.സിക്ക് നൽകിയത്. ദീർഘകാലമായി മുടങ്ങിക്കിടക്കുന്ന ശമ്പള പരിഷ്‌കരണം ഉൾപ്പെടെ ഉടൻ ആരംഭിക്കും. മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടുള്ള ഡി.എ പരിഷ്‌കരണം മാർച്ച് മുതൽ നടപ്പിലാക്കും. 10 ശതമാനം പ്രമോഷൻ ഉൾപ്പെടെയുള്ള ആനൂകൂല്യങ്ങളും നടപ്പിലാക്കും. എന്നാൽ, വരുമാനം വർദ്ധിപ്പിച്ച് ചെലവ് കുറച്ചാകും മുന്നോട്ട് പോകുകയെന്നും, സ്വയംപര്യാപ്തമാകാതെ കെ.എസ്.ആർ.ടി.സിക്ക് മുന്നോട്ടു പോകാനാകില്ലെന്നും മന്ത്രി വ്യക്തമാക്കി.
സർക്കാർ വാഗ്ദാനത്തിൽ
വിശ്വാസമില്ലെന്ന്
ടി.ഡി.എഫ്, ബി.എം.എസ്
തിരുവനന്തപുരം: ഏപ്രിലിൽ കാലാവധി അവസാനിക്കുന്ന സർക്കാർ ജൂണിൽ ശമ്പളം പരിഷ്‌കരണം നടപ്പിലാക്കുമെന്ന് പറയുന്നതിൽ യുക്തിയില്ലെന്ന് കെ.എസ്.ആർ.ടി.സിയിൽ നാളെ പണിമുടക്കിന് നോട്ടീസ് നൽകിയിരിക്കുന്ന ടി.ഡി.എഫും കെ.എസ്.ടി എംപ്ലോയീസ് സംഘും (ബി.എം.എസ്) വ്യക്തമാക്കി.
തൊഴിലാളികളുടെ കണ്ണിൽ പൊടിയിടാനുള്ള പ്രഖ്യാപനമെന്ന് ടി.ഡി.എഫ് വൈസ് പ്രസിഡന്റ് ആർ.അയ്യപ്പൻ പറഞ്ഞു. 2016 ജൂലായ് ഒന്നു മുതലുള്ള ഒൻപത് ഗഡു ഡി.എ കുടിശികയിൽ മൂന്നു ഗഡു 2021 മാർച്ചിൽ നൽകുമെന്ന് പറഞ്ഞതല്ലാതെ ഉത്തരവിറങ്ങിയില്ല. ഏപ്രിൽ ഒന്നിന് ശമ്പള പരിഷ്‌കരണം നടപ്പിലാക്കിക്കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിക്കാൻ സർക്കാർ തയ്യാറായാൽ ഇന്നത്തെചർച്ച ഫലിക്കുമെന്ന് കെ.എസ്.ടി എംപ്ലോയീസ് സംഘ് ജനറൽ സെക്രട്ടറി കെ.എൽ.രാജേഷ് പറഞ്ഞു.