french

തിരുവനന്തപുരം: പോണ്ടിച്ചേരിയിൽ ഫ്രഞ്ച് എംബസി വർഷംതോറും സംഘടിപ്പിക്കുന്ന ഫ്രാങ്കോ ഫോണിസ് ഫെസ്റ്റ് ഈ വർഷം തിരുവനന്തപുരത്ത് നടത്തുമെന്ന് ഫ്രഞ്ച് എംബസി കോൺസൽ ജനറൽ ലിസ് താൽബൊ ബാരെ പറഞ്ഞു. ഭാരത് ഭവൻ സന്ദർശിച്ച് മെമ്പർ സെക്രട്ടറി പ്രമോദ് പയ്യന്നൂരുമായി നടത്തിയ ചർച്ചകൾക്കൊടുവിലാണ് ഇക്കാര്യം അറിയിച്ചത്. ഫ്രാൻസും കേരളവുമായുള്ള സാംസ്‌കാരിക ബന്ധം ഊട്ടി ഉറപ്പിക്കാനുള്ള ശ്രമമെന്ന നിലയിൽ മയ്യഴിയിലും സാംസ്‌കാരികോത്സവം സംഘടിപ്പിക്കും.

എം. മുകുന്ദന്റെ 'ദൈവത്തിന്റെ വികൃതികൾ' എന്ന നോവലിനെ അടിസ്ഥാനമാക്കി നാടകവും തോൽപ്പാവക്കൂത്തും നവ സാങ്കേതികതയും സമന്വയിപ്പിച്ച് ഭാരത് ഭവനുമായി ചേർന്നൊരുക്കുന്ന ദൃശ്യാവിഷ്‌കാരം ജൂണിൽ പൂർത്തീകരിക്കാനാണ് ശ്രമം. കൂടിക്കാഴ്ചയിൽ എംബസി കമ്മ്യൂണിക്കേഷൻ ഓഫീസർ നിക്കോൾ ജോ ഫ്രുവ, അലയൻസ് ഫ്രാൻസൈസ് ഡയറക്ടർ ഇവ മാർട്ടിൻ, ഭാരത് ഭവൻ ഭരണനിർവഹണ അംഗം റോബിൻ സേവ്യർ, അബ്രദിതാ ബാനർജി എന്നിവർ പങ്കെടുത്തു.