ddd

മുടപുരം: കിഴുവിലം ഗ്രാമപഞ്ചായത്തിലെ കുടിവെള്ള ക്ഷാമം പരിഹരിക്കാൻ പഞ്ചായത്തിൽ പ്രത്യേക കുടിവെള്ള വിതരണ പദ്ധതി നടപ്പിലാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.
ആറ്റിങ്ങൽ വലിയകുന്നിലെ ടാങ്കിൽ നിന്ന് വെള്ളം മുടപുരം എൻ.ഇ.എസ് ബ്ലോക്കിലെ വാട്ടർ ടാങ്കിലെത്തി അവിടെ നിന്നും നൈനാംകോണത്തെ വാട്ടർ ടാങ്കിൽ എത്തിയാണ് പഞ്ചായത്തിലെ മിക്ക പ്രദേശങ്ങളിലും വെള്ളം എത്തിക്കുന്നത്. ഇതിന് പുറമെ ചില പ്രദേശത്തേക്ക് അഴൂർ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന തെറ്റിച്ചിറ ടാങ്കിൽ നിന്നും മറ്റ് ചില ഇടങ്ങളിലേക്ക് ആറ്റിങ്ങൽ നിന്നും ചില പ്രദേശങ്ങളിലേക്ക് ചിറയിൻകീഴിൽ നിന്നുമാണ് വെള്ളം എത്തുന്നത്.

മൂന്ന് ദിവസത്തിലൊരിക്കലാണ് വെള്ളം പമ്പ് ചെയ്യുന്നത്. എന്നാൽ പലപ്പോഴും അത് പാലിക്കാറില്ല. നാലും അഞ്ചും ദിവസം കഴിഞ്ഞായിരിക്കും വെള്ളം ലഭിക്കുന്നത്. എട്ട് മണിക്കൂറോളമേ ഒരു ദിവസം വെള്ളം പമ്പ് ചെയ്യുന്നുള്ളൂ. ഈ പമ്പിംഗ് സമയം തീരെ കുറവാണ്. അതുകൊണ്ട് എല്ലായിടത്തും ആവശ്യത്തിന് വെള്ളം എത്തുന്നില്ലെന്നാണ് പരാതി. പത്ത് മണിക്കൂർ പമ്പ് ചെയ്താൽ മാത്രമേ എല്ലാ പ്രദേശങ്ങളിലും വെള്ളം എത്തിക്കാൻ കഴിയൂ. പമ്പ് ചെയ്യുന്നത് തന്നെ പലയിടത്തും പല സമയങ്ങളിലാണ്.

ഇതിന് മാറ്റം വരുത്താൻ ഗ്രാമപഞ്ചായത്ത് പ്രദേശത്ത് ഒരു വാട്ടർ ടാങ്ക് മാത്രമേ ഉള്ളൂ. ഇതിന് മാറ്റം വരുത്തി പഞ്ചായത്തിൽ രണ്ടോ മൂന്നോ ടാങ്കുകൾ കൂടി സ്ഥാപിച്ച് ഒരേസമയത്ത് വെള്ളം തുറന്നു വിടുകയും വേണമെന്നാണ് നാട്ടുകാ‌ർ പറയുന്നത്..

6000 വീടുകളിൽ വാട്ടർ കണക്‌ഷനുണ്ട്. ബാക്കിയുള്ള കുടുംബങ്ങൾക്ക് കൂടി ജലജീവൻ പദ്ധതി വഴി കണക്‌ഷൻ നൽകും. ഈ വർഷം 1100 കുടുംബങ്ങൾക്ക് കണക്‌ഷൻ നൽകുന്നുണ്ട്. കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെയും ഗ്രാമ പഞ്ചായത്തിന്റെയും കൂട്ടായ ഈ പദ്ധതിയിൽ ഗുണഭോക്തൃ വിഹിതവുമുണ്ട്.

1995 രൂപയാണ് ഒരു ഗുണഭോക്‌താവ് വാട്ടർ കണക്ഷനായി നൽകേണ്ടത്. ജലജീവൻ പദ്ധതി പൂർത്തിയാകുമ്പോൾ കിഴുവിലം, സമ്പൂർണ കുടിവെള്ള പഞ്ചായത്തായി മാറും.

അങ്ങനെ ഉപഭോക്താക്കളുടെ എണ്ണം വർദ്ധിക്കുന്നത് അനുസരിച്ച് ജലക്ഷാമവും രൂക്ഷമാകും. അതുമറി കടക്കാനാണ് കിഴുവിലം പഞ്ചായത്തിന് പ്രത്യേക കുടിവെള്ള പദ്ധതി വേണമെന്ന് നാട്ടുകാരും ജനപ്രതിനിധികളും ആവശ്യപ്പെടുന്നത്.