
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് ആർട്സ് ആൻഡ് സയൻസ് കോളേജുകളിൽ കൂടി പ്രൊഫസർ തസ്തിക അനുവദിച്ച് സർക്കാർ ഉത്തരവിറക്കി. 2018 ലെ യു.ജി.സി ചട്ടങ്ങൾക്കും വ്യവസ്ഥകൾക്കും വിധേയമായി യോഗ്യതയുള്ളവർക്ക് പ്രൊഫസറായി സ്ഥാനയറ്റം അനുവദിക്കാമെന്നാണ് ഉത്തരവ്.
നിലവിൽ സർക്കാർ, എയ്ഡഡ് കോളേജുകളിൽ അസോസിയേറ്റ് പ്രൊഫസർ തസ്തികയ്ക്കപ്പുറം സ്ഥാനകയറ്റം ലഭിക്കാറില്ല. അസിസ്റ്റന്റ് പ്രൊഫസർമായി നിയമനം ലഭിക്കുന്നവർ അസോസിയേറ്റ് പ്രൊഫസറായി വിരമിക്കുന്നതാണ് രീതി. സർവകലാശാല ഡിപ്പാർട്ടുമെന്റുകളിലും ഗവ, എയ്ഡഡ് എൻജിനിയറിംഗ് കോളേജുകളിലും മാത്രമേ പ്രൊഫസർ തസ്തിക അനുവദിച്ചിരുന്നുള്ളൂ.
അസോസിയേറ്റ് പ്രൊഫസറായി മൂന്നു വർഷത്തെ സർവീസ്, ബന്ധപ്പെട്ട വിഷയത്തിൽ പി.എച്ച്.ഡി, യു.ജി.സി അംഗീകൃത ഗവേഷണ ജേർണലുകളിൽ 10 പ്രബന്ധങ്ങൾ, 110 റിസർച്ച് സ്കോർ തുടങ്ങിയവയുള്ളവരെയാണ് തസ്തികയിലേക്ക് പരിഗണിക്കുക. പ്രൊഫസർ പദവി ലഭിക്കുന്നതോടെ ശമ്പളത്തിലും വർദ്ധനവുണ്ടാകും. 10 വർഷം പ്രൊഫസർ പദവിയുള്ളവർക്കേ വൈസ് ചാൻസലർ ആകാനാകൂ എന്നാണ് നിയമം. ഇനി മുതൽ ഈ യോഗ്യതയുള്ള കോളേജ് അദ്ധ്യാപകർക്കും വി.സിയാകാനുള്ള അവസരം ലഭിക്കും. കോളേജ് അദ്ധ്യാപക സംഘടനകളുടെ പതിറ്റാണ്ട് പിന്നിട്ട ആവശ്യമാണ് സർക്കാർ അംഗീകരിച്ചത്.