entrance-rank-list

തിരുവനന്തപുരം:നിയമനം ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തുന്ന സമരം സമരം ശക്തമാക്കാനൊരുങ്ങി ഉദ്യോഗാർത്ഥികൾ. സർക്കാരിൽ നിന്ന് തങ്ങൾക്ക് അനുകൂലമായ ഉറപ്പ് രേഖാമൂലം ലഭിച്ചില്ലെങ്കിൽ നാളെ മുതൽ അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കുമെന്ന് എൽ.ജി.എസ് ഉദ്യോഗാർത്ഥികളുടെ പ്രതിനിധിയായ ലയ രാജേഷ് പറഞ്ഞു.

സർക്കാരിൽ വിശ്വാസമുണ്ട്. സർക്കാർ ഉത്തരവ് ഇന്ന് ലഭിക്കുമെന്നാണ് പ്രതീക്ഷ. ഇന്ന് വൈകിട്ടുവരെ അനുകൂല നടപടിക്കായി കാത്തിരിക്കുമെന്നും അവർ വ്യക്തമാക്കി. ഉത്തരവ് ലഭിച്ചില്ലെങ്കിൽ നാളെ മുതൽ നിരാഹാരം സമരത്തിലേക്ക് കടക്കും.

സി.പി.ഒ റാങ്ക് ഹോൾഡേഴ്സും സമാനമായ സമരമുറകളിലേക്ക് കടക്കാനാണ് തീരുമാനം.രണ്ട് ദിവസത്തിനകം അനുകൂല തീരുമാനമോ നിർദ്ദേശമോ ലഭിച്ചില്ലെങ്കിൽ നിരാഹാര സമരം ഉൾപ്പെടെയുള്ള പ്രക്ഷോഭം ആരംഭിക്കുമെന്ന് സി.പി.ഒ റാങ്ക് ഹോൾഡേഴ്സ് പ്രതിനിധി വിഷ്ണു പറഞ്ഞു.

കഴിഞ്ഞ ദിവസത്തെ ചർച്ചയിൽ റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടണമെന്നും ഒഴിവുള്ള തസ്തികകൾ റിപ്പോർട്ട് ചെയ്ത് ഉടൻ നിയമനം നടത്തണമെന്നുള്ള ആവശ്യങ്ങളാണ് പ്രതിനിധികൾ ഉന്നയിച്ചത്. സർക്കാരിനെ കാര്യങ്ങൾ അറിയിക്കുമെന്ന് എ.ഡി.ജി.പി മനോജ് എബ്രഹാമും ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ടി.കെ ജോസും ഉദ്യോഗാർത്ഥികൾക്ക് ഉറപ്പ് നൽകിയിരുന്നു.സമാധാനപരമായി സമരം തുടരുമെന്ന് ഉദ്യോഗാർത്ഥികൾ ഉറപ്പ് നൽകിയിട്ടുണ്ട്.ഒരു തവണ കൂടി ഉദ്യോഗാർത്ഥികളും ഉദ്യോഗസ്ഥരും തമ്മിൽ ചർച്ചയ്ക്ക് സാദ്ധ്യതയുണ്ടെന്നാണ് സൂചന.എൽ.ജി.എസ് ഉദ്യോഗാർത്ഥികളുടെ സമരം 27 ദിവസവും സി.പി.ഒ റാങ്ക് ഹോൾഡേഴ്സിന്റെ സമരം 14 ദിവസവും പിന്നിട്ടു. ഉദ്യോഗാർത്ഥികളുടെ സമരത്തെ പിന്തുണച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിലും വൈസ് പ്രസിഡന്റ് കെ.എസ് ശബരീനാഥനും ആരംഭിച്ച നിരാഹാര സമരം ഒരാഴ്ച പിന്നിട്ടു.