2

തിരുവനന്തപുരം: നൂറ്റാണ്ടുകളുടെ പഴക്കമുള്ള ചാല മാർക്കറ്റ്, ചാല പൈതൃക തെരുവായി മുഖം മിനുക്കുന്നു എന്ന വാർത്ത കേട്ട് സന്തോഷിച്ചവരാണ് ഇവിടത്തെ കച്ചവടക്കാർ. എന്നാൽ ഒന്നാംഘട്ട നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി സ്റ്റാളുകൾ ഭാഗികമായി തുറന്നെങ്കിലും ഇപ്പോഴും വഴിയോരത്ത് വെയിലും പൊടിയും സഹിച്ച് കച്ചവടം നടത്തേണ്ട ഗതികേടിലാണ് കച്ചവടക്കാർ. നിന്നുതിരിയാൻ ഇടമില്ലാത്ത സ്റ്റാളുകളാണ് ഇവിടെ നിർമിച്ചിട്ടുള്ളത്. വെറും അഞ്ചടി മാത്രം വീതിയും ഏഴടി നീളവുമുള്ളതാണ് പുതിയ സ്റ്റാളുകൾ. സാധനങ്ങളും ചാക്കുകളും വയ്ക്കുമ്പോൾ തന്നെ സ്ഥലം നിറയും. കച്ചവടക്കാർക്ക് ഇരിക്കാനും ഇടമില്ല. സാധനങ്ങൾ പുറത്തേക്ക് ഇറക്കിവയ്ക്കാനും സൗകര്യമില്ല. ഇക്കാരണത്താൽ ഇപ്പോഴും സ്റ്റാളുകളിലേക്ക് കച്ചവടം മാറ്റാൻ മടിക്കുകയാണ് കച്ചവടക്കാർ. സ്റ്റാളുകൾ കച്ചവടക്കാർക്കായി കൈമാറാൻ അധികൃതരും തയ്യാറായിട്ടില്ല. സ്റ്റാളുകൾക്കിടയിലെ ഇടുങ്ങിയ വഴികളിലൂടെ ഒരേ സമയം രണ്ട് പേർക്ക് നടക്കാനാവില്ലെന്ന ന്യൂനതയുമുണ്ട്. ആയിരക്കണക്കിന് ആളുകളാണ് ഒരുദിവസം ഇവിടെ എത്തുന്നത്. രണ്ട് കോടി രൂപ ചെലവിൽ 233 സ്റ്റാളുകളാണ് പച്ചക്കറിചന്തയ്ക്കായി പുതുതായി നിർമിച്ചത്. ഇതിൽ 25 എണ്ണം പഴയ കടകൾ നവീകരിച്ചതാണ്. ആകെ 150ഓളം പേർ മാത്രം കച്ചവടക്കാരായി ഉള്ളപ്പോൾ ഇത്രയും സ്റ്റാളുകൾ പണിത് സ്ഥലം പാഴാക്കിയത് എന്തിനാണെന്നാണ് കച്ചവടക്കാരുടെ ചോദ്യം.

 ശാപമോക്ഷമില്ലാത്ത മത്സ്യചന്ത

ചാലയിലെ പരമ്പരാഗത മത്സ്യചന്ത നവീകരിക്കാൻ പദ്ധതിയുണ്ടായിരുന്നെങ്കിലും നിലച്ച മട്ടാണ്. മത്സ്യ, മാംസ കച്ചവടസ്ഥലം ഇപ്പോഴും മാലിന്യം നിറഞ്ഞ് ദുർഗന്ധം പരത്തുകയാണ്. ഇതിന് പുറമെ, മലിനജലം കെട്ടിക്കിടന്നുണ്ടാകുന്ന രോഗഭീതിയുമുണ്ട്. മാംസാവശിഷ്ടങ്ങൾ അതത് ദിവസങ്ങളിൽ കോർപ്പറേഷൻ അധികൃതർ നീക്കം ചെയ്യുമെങ്കിലും മത്സ്യാവശിഷ്ടങ്ങൾ ദിവസങ്ങളായി നീക്കിയിട്ടില്ല. നിക്ഷേപിക്കാൻ സ്ഥലമില്ലെന്ന് പറഞ്ഞാണ് ഈ അവഗണനയെന്ന് കച്ചവടക്കാർ ആരോപിക്കുന്നു. പുഴുവരിക്കുന്ന മത്സ്യാവശിഷ്ടങ്ങൾ നീക്കാൻ ഉടൻ നടപടിയുണ്ടാകണമെന്നും മാലിന്യങ്ങൾ ഓരോദിവസങ്ങളിലും കൃത്യമായി നീക്കം ചെയ്യാൻ കോർപ്പറേഷൻ അധികൃതർ ഇടപെടണമെന്നുമാണ് ഇവരുടെ ആവശ്യം.

 സ്റ്റാൾ- 5 അടി വീതി, ഏഴടി നീളം

 പച്ചക്കറിസ്റ്റാൾ- 2 കോടി രൂപ ചെലവിൽ 233 സ്റ്റാളുകൾ

ഞങ്ങളാരും പുതിയ സ്റ്റാളുകളിലേക്ക് മാറിയിട്ടില്ല. സാധനങ്ങൾ വയ്ക്കാൻ തീരെ സൗകര്യമില്ലാത്തതാണ് സ്റ്റാളുകൾ. പുറത്തിരുന്ന് തന്നെയാണ് കച്ചവടം നടത്തുന്നത്. മഴക്കാലമായാൽ പിന്നെന്ത് ചെയ്യുമെന്ന് അറിയില്ല.

- റഹിം, കച്ചവടക്കാരൻ