
തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളക്കരം വർദ്ധന ഉടനുണ്ടാകില്ലെന്ന് മന്ത്രി കെ.കൃഷ്ണണൻകുട്ടി പറയുന്നുണ്ടെങ്കിലും അക്കാര്യത്തിലെ ആശങ്ക വിട്ടുമാറുന്നില്ല. ഏപ്രിൽ ഒന്നുമുതൽ വെള്ളക്കരം 5ശതമാനം വർദ്ധിപ്പിക്കാൻ ഉത്തരവിറങ്ങിയ സാഹചര്യത്തിൽ കേന്ദ്രസർക്കാരിന്റെ വ്യവസ്ഥകൾ മറികടന്നു വേണം ഇത് നിറുത്തിവയ്‌ക്കാൻ.
ഇക്കാര്യം മന്ത്രിസഭ യോഗത്തിന് ശേഷമാകും തീരുമാനിക്കുകയെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്.
കൊവിഡ് പ്രതിസന്ധിയിൽ സംസ്ഥാനങ്ങൾക്ക് അധികവായ്പ എടുക്കാനുള്ള ഉപാധിയായി കേന്ദ്രം നിർദ്ദേശിച്ച പരിഷ്കാരങ്ങളുടെ ഭാഗമായാണ് വെള്ളക്കരം അഞ്ച് ശതമാനം വർദ്ധിപ്പിക്കാനുള്ള തീരുമാനമുണ്ടായത്.
ഇത് വേണ്ടെന്നുവച്ചാൽ പ്രതിസന്ധിയിൽ നിന്ന് കരകയറുന്ന സർക്കാരിനെ അത് പ്രതികൂലമായി ബാധിക്കുമെന്ന് വിദഗ്ദ്ധരും വ്യക്തമാക്കുന്നു.
മൂന്ന് ശതമാനമായിരുന്ന വായ്പ പരിധി കൊവിഡ് പ്രതിസന്ധി മറിക്കടക്കുന്നതിന് വേണ്ടിയാണ് 2ശതമാനം കൂടി വർദ്ധിപ്പിച്ചത്. അങ്ങനെ വരുമ്പോൾ സംസ്ഥാനത്തിന് 18,000 കോടി അധികം ലഭിക്കും. ഇതിനായി നാലു വ്യവസ്ഥകൾ പാലിക്കേണ്ടിവരും. അതിൽ കേന്ദ്രം നിർദ്ദേശിച്ച ഒരു രാജ്യം ഒരു റേഷൻകാർഡും, വ്യവസായ സൗഹൃദ നടപടികളും സംസ്ഥാനം പൂർത്തീകരിച്ചിട്ടുണ്ട്. ഇതിന്റെ .25ശതമാനം വീതം സംസ്ഥാനത്തിന് ലഭിച്ചു . ഇനി പൂർത്തിയാക്കാനുള്ള തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തുക, ഉൗർജ്ജ മേഖലയെ പരിഷ്‌കരിക്കുക എന്നീ കേന്ദ്ര നിർദ്ദേശങ്ങൾ കൂടി നടപ്പിലാക്കുന്നതോടെ അവശേഷിക്കുന്ന വിഹിതവും സംസ്ഥാനത്തിന് ലഭിക്കും. ഇതിൽ വെള്ളക്കര വർദ്ധനയെന്ന ഉപാധി തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തുക എന്ന വ്യവസ്ഥയിൽ വരുന്നതാണ്.
വെള്ളക്കര വർദ്ധന നടപ്പായാൽ
ഏപ്രിൽ ഒന്നു മുതൽ വെള്ളക്കരം വർദ്ധന നടപ്പാക്കുകയാണെങ്കിൽ ഗർഹികം, ഗാർഹികേതരം, വ്യവസായം ഉപഭോക്താക്കളുടെ അടിസ്ഥാന താരിഫിന്റെ 5% മാണ് കൂടുന്നത്. അതായത് ആയിരം ലിറ്ററിന് നിലവിലെ 4 രൂപ എന്നത് 4.20 രൂപയാകും. 5000 ലിറ്ററിന് മുകളിൽ സ്ലാബ് അടിസ്ഥാനത്തിൽ ആയിരം ലിറ്ററിന് വ്യത്യസ്ഥ നിരക്കുകളാണ്. 50,000 ലിറ്ററിന് കൂടുതൽ ഉപയോഗിക്കുന്നവർക്ക് 40 രൂപ എന്നത് 42 രൂപയാകും.