photo

നെടുമങ്ങാട്: മഹാമാരിക്കാലത്തെ മാതൃകാ ആതുരാലയങ്ങളുടെ പട്ടികയിൽ മുൻ നിരയിലാണ് നെടുമങ്ങാട് ജില്ലാ ആശുപത്രി. നൂറുകണക്കിന് കൊവിഡ് രോഗികളാണ് ഈ സർക്കാർ ആശുപത്രിയുടെ കരുതലിൽ ജീവിതത്തിന്റെ പ്രതീക്ഷകളിലേക്ക് മടങ്ങിയത്. കൂട്ടായ പരിശ്രമത്തിലൂടെ പരിമിതികളെ മറികടന്ന്, ഐസൊലേഷൻ വാർഡുകളും ഫസ്റ്റ് ലൈൻ- സെക്കൻഡ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളും ഒരുക്കി. ചിട്ടയായ പ്രവർത്തനത്തിലൂടെ ബോധവത്കരണവും പ്രതിരോധവും തീർത്തു. നഗരസഭ പ്രദേശത്തും സമീപ പഞ്ചായത്തുകളിലും റിപ്പോർട്ട് ചെയ്യപ്പെട്ട കൊവിഡ് കേസുകളിലുണ്ടായ കുറവ് ജില്ലാ ആശുപത്രിയുടെ മികവിനുദാഹരണമാണ്. 18,481 ആന്റിജൻ ടെസ്റ്റുകളും 3, 649 ആർ.ടി.പി.സി.ആർ ടെസ്റ്റുകളും നടത്തി. നഗരസഭയുടെ സഹായത്തോടെ ഏഴു മാസത്തിലേറെയായി വട്ടപ്പാറ ആശുപത്രിയിൽ ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്റർ പ്രവർത്തിക്കുന്നുണ്ട്. സൂപ്രണ്ട് ഡോ. ശില്പബാബു തോമസിന്റെ നേതൃത്വത്തിൽ ഡോക്ടർമാരുടെ സംഘം തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ ഐസൊലേഷൻ വാർഡ് സന്ദർശിച്ച് അവിടുത്തെ മാതൃകയിലാണ് ചികിത്സാ സൗകര്യങ്ങൾ സജ്ജീകരിച്ചത്. ചീഫ് കൺസൾട്ടന്റ് ഡോ. പി.എ. മുഹമ്മദ് അഷറഫും ഡോ. ഹരികൃഷ്ണനുമാണ് കൊവിഡ് പ്രവർത്തനങ്ങളുടെ നോഡൽ ഓഫീസർമാർ.

 പ്രതിരോധത്തിനൊപ്പം

തിരുവനന്തപുരം മെഡിക്കൽ കോളേജിലും ജനറൽ ആശുപത്രിയിലും സ്ഥലപരിമിതി ഉണ്ടായപ്പോൾ കാറ്റഗറി ബിയിൽ വരുന്ന രോഗികളെ കിടത്തി ചികിത്സിക്കുന്നതിന് സെക്കൻഡ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ ആരംഭിച്ചു. ഇതിന് ആവശ്യമായ ഐ.സി.യു ഉൾപ്പെടെയുള്ള ഉപകരണങ്ങൾ 'ആരോഗ്യ കേരളം" പദ്ധതി മുഖേന നേടി. രണ്ടാം ഘട്ടമായി റിംസ് ആശുപത്രി കേന്ദ്രമാക്കി ആരംഭിച്ച സെക്കൻഡ് ലൈൻ ട്രീറ്റ്‌മെന്റ് സെന്റർ വഴി 258 പേരും രോഗമുക്തരായി. മാർച്ച് മാസം മുതൽ വിദേശത്തുനിന്നും വരുന്നവർക്കുള്ള നിരീക്ഷണ കേന്ദ്രമായും ആശുപത്രി പ്രവർത്തിച്ചു. നിലവിൽ കൊവിഡ് പ്രതിരോധ വാക്സിനേഷൻ സെന്റർകൂടിയാണ് ഇവിടം. ആരോഗ്യ പ്രവർത്തകരും പൊലീസുകാരും ഉൾപ്പടെ 1,129 പേർ ഇവിടെനിന്നും വാക്സിൻ സ്വീകരിച്ചു.

 കണ്ണീരോർമയായി കുമാരി

ആശുപത്രിയിലെ ഇൻഫക്ഷൻ കൺട്രോൾ കമ്മിറ്റിയുടെ മേൽനോട്ടത്തിലായിരുന്നു അണുബാധ നിയന്ത്രണ പ്രവർത്തനങ്ങൾ. ജീവനക്കാരുടെ കുറവ് പരിഹരിക്കുന്നതിനായി എൻ.ആർ.എച്ച്.എം മുഖേന ഡോക്ടർമാർ, സ്റ്റാഫ് നഴ്സുമാർ, ക്ളീനിംഗ് സ്റ്റാഫ് എന്നിവരെ അധികമായി നിയമിച്ചു. ജില്ലാ പഞ്ചായത്തും നെടുമങ്ങാട് നഗരസഭയും പ്രവർത്തനങ്ങൾക്ക് പൂർണ പിന്തുണ നൽകി. പ്രതിരോധ പ്രവർത്തനങ്ങൾക്കിടയിൽ അറ്റൻഡർ കുമാരിയുടെ ജീവൻ കൊവിഡ് കവർന്നത് എല്ലാവരെയും കണ്ണീരിലാഴ്ത്തി. പ്രധാനമന്ത്രി ഗരീബ് കല്യാൺ പാക്കേജിൽ ഉൾപ്പെടുത്തി കുമാരിയുടെ കുടുംബത്തെ സഹായിക്കാൻ സംസ്ഥാന സർക്കാർ മുന്നോട്ടുവന്നത് ആശ്വാസമായി. 50 ലക്ഷം രൂപയുടെ ചെക്ക് മന്ത്രി കെ.കെ. ഷൈലജ കുടുംബത്തിന് കൈമാറി.

''2013-ലാണ് ജില്ലാ ആശുപത്രിയായി ഉയർത്തപ്പെട്ടത്. പ്രധാനപ്പെട്ട എല്ലാ സ്പെഷ്യാലിറ്റികളും പ്രവർത്തിക്കുന്നുണ്ട്. കൊവിഡ് - 19 നെതിരെ 300-ഓളം ജീവനക്കാർ വിശ്രമരഹിതമായി സേവനമനുഷ്ഠിച്ചു. ജില്ലാ പഞ്ചായത്ത്, നഗരസഭ, സംസ്ഥാന ആരോഗ്യ വകുപ്പ്, സഹപ്രവർത്തകർ എന്നിവരെ നന്ദിയോടെ ഓർക്കുന്നു""
ഡോ. ശില്പാ ബാബുതോമസ് (സൂപ്രണ്ട്, ജില്ലാ ആശുപത്രി, നെടുമങ്ങാട്)