
തിരുവനന്തപുരം: മഞ്ചേരി ഗവ. മെഡിക്കൽ കാേളേജിലേക്കുള്ള യാത്രാമദ്ധ്യേ കൊവിഡ് ബാധിതയ്ക്ക് കനിവ് 108 ആംബുലൻസിനുള്ളിൽ സുഖപ്രസവം. തമിഴ്‌നാട് സേലം സ്വദേശിനിയായ 26കാരിയാണ് പെൺകുഞ്ഞിന് ജന്മം നൽകിയത്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു. അമ്മയുടേയും കുഞ്ഞിന്റേയും ജീവൻ രക്ഷിച്ച ആംബുലൻസിലെ ജീവനക്കാരായ എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ ആർ.വിനീത്, പൈലറ്റ് സി.പി.മനു മോഹൻ എന്നിവരെ മന്ത്രി കെ.കെ.ശൈലജ അഭിനന്ദിച്ചു.
ഇന്നലെ രാവിലെ എട്ടരയോടെയാണ് സംഭവം. പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ പ്രസവത്തിന് അഡ്മിറ്റായ യുവതിക്ക് കൊവിഡ് ഉള്ളതായി കണ്ടെത്തുകയായിരുന്നു.
മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റാൻ ആശുപത്രി അധികൃതർ കനിവ് 108ആംബുലൻസിന്റെ സേവനം തേടി. ഏലംകുളം സാമൂഹികാരോഗ്യ കേന്ദ്രത്തിലെ 108 ആംബുലൻസുമായി മനുവും വിനീതും പെരിന്തൽമണ്ണയിലെത്തുകയായിരുന്നു.
യാത്രാമദ്ധ്യേ യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടതോടെ ആരോഗ്യസ്ഥിതി വഷളായി. വിനീത് നടത്തിയ പരിശോധനയിൽ പ്രസവം എടുക്കാതെ മുന്നോട്ട് പോകാൻ കഴിയില്ല എന്ന് മനസിലാക്കി. ഒമ്പത് മണിയോടെ വിനീതിന്റെ പരിചരണത്തിൽ യുവതി ആംബുലൻസിനുള്ളിൽ പെൺകുഞ്ഞിന് ജന്മം നൽകുകയായിരുന്നു. അമ്മയേയും കുഞ്ഞിനേയും മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി. കൊവിഡ് ബാധിച്ച് കൊണ്ടുപോകവേ, 108ആംബുലൻസിൽ നടക്കുന്ന മൂന്നാമത്തെ പ്രസവമാണിത്.