തിരുവനന്തപുരം : വിവിധ മേഖലക്ക് പ്രത്യേക ഊന്നൽ നൽകിയുള്ള പദ്ധതി രൂപീകരണ പ്രക്രിയയിലൂടെ ഒരു വർഷത്തിനുള്ളിൽ നഗരത്തിൽ വലിയ മാറ്റം ഉണ്ടാകുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. കോർപ്പറേഷൻ വാർഷിക പദ്ധതി രൂപീകരണ വികസന സെമിനാർ നാലാഞ്ചിറ ഗിരിദീപം കൺവെൻഷൻ സെന്ററിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാലിന്യ സംസ്‌കരണം, കുടിവെള്ളം, സമ്പൂർണഭവനം, അടിസ്ഥാന സൗകര്യ വികസനം ഉൾപ്പെടെയുള്ള മേഖലകളിൽ ശാശ്വത പരിഹാരം കാണാൻ കഴിയുമെന്നും മന്ത്രി പറഞ്ഞു. മന്ത്രി ഡോ. തോമസ് ഐസക് ഓൺലൈനായി മുഖ്യപ്രഭാഷണം നടത്തി. മേയർ ആര്യ രാജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. വി.കെ. പ്രശാന്ത് എം.എൽ.എ മുഖ്യാതിഥിയായി. കില ഡയറക്ടർ ജോയി ഇളമൺ പ്രാദേശിക ആസൂത്രണം പുതിയ തലങ്ങളിൽ എന്ന വിഷയത്തെകുറിച്ച് പ്രഭാഷണം നടത്തി. ഡെപ്യൂട്ടിമേയർ പി.കെ. രാജു, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാർ, കൗൺസിൽ അംഗങ്ങൾ, ആസൂത്രണ സമിതി അംഗങ്ങൾ, നിർവഹണ ഉദ്യോഗസ്ഥർ, വാർഡു തല പ്രതിനിധികൾ, വിവിധ സംഘടനപ്രതിനിധികൾ, മുൻ ജനപ്രതിനിധികൾ തുടങ്ങിയവർ സെമിനാറിൽ പങ്കെടുത്തു. കോർപ്പറേഷൻ സെക്രട്ടറി ബിനു ഫ്രാൻസിസ് നന്ദി പറഞ്ഞു. ഉദ്ഘാടനത്തിന് ശേഷം ഗ്രൂപ്പ് തല യോഗം ചേർനിനി കരട് പദ്ധതി നിർദ്ദേശങ്ങളിൻമേൽ ചർച്ചചെയ്തു. ഇന്ന് നടക്കുന്ന കൗൺസിൽ യോഗം പദ്ധതി അന്തിമാനുമതി നൽകി, ജില്ലാ ആസൂത്രണ സമിതിക്ക് സമർപ്പിക്കും.