
തിരുവനന്തപുരം: ആറ്റുകാൽ ഭഗവതിക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തിലെ പ്രധാന നേർച്ചകളിലൊന്നായ കുത്തിയോട്ടത്തിനുള്ള വ്രതം ഇന്നലെ ആരംഭിച്ചു. കൊവിഡ് സാഹചര്യത്തിൽ ഇത്തവണ ഒരു കുട്ടി മാത്രം പങ്കെടുക്കുന്ന പണ്ടാരഓട്ടമാണുള്ളത്. വെള്ളറട മുട്ടച്ചൽ വടക്കുംകര വീട്ടിൽ എസ്. സുരേഷിന്റെയും വി.ആർ. അമുദത്തിന്റെയും മകൻ ആറാം ക്ലാസ് വിദ്യാർത്ഥിയായ എസ്. നന്ദൻകൃഷ്ണയ്ക്കാണ് ഇക്കുറി പണ്ടാര ഓട്ടത്തിനുള്ള നിയോഗം. ചൂരൽകുത്തുന്ന രാധാകൃഷ്‌ണന്റെ ചെറുമകനാണ് നന്ദൻകൃഷ്ണ. രാവിലെ 9ന് ക്ഷേത്ര പൂജാരിയുടെ കാർമ്മികത്വത്തിൽ പള്ളിപ്പലകയിൽ വെള്ളിപ്പണവും കാണിക്കയുംവച്ച് വ്രതം തുടങ്ങി. പൊങ്കാല ദിവസം രാത്രി ദേവിയുടെ എഴുന്നള്ളത്തിന് ഭടനായി നന്ദൻകൃഷ്ണ അകമ്പടി സേവിക്കും. തോറ്റംപാട്ടിൽ കണ്ണകിയുടെയും കോവലന്റെയും വിവാഹവിശേഷം പാടി വിവരിക്കുന്ന ദിവസമാണ് കുത്തിയോട്ട വ്രതവും തുടങ്ങുന്നത്. ദരിദ്രനായി തീർന്ന കോവലൻ കണ്ണകിയുടെ നിർബന്ധത്തിന് വഴങ്ങി ചിലമ്പ് വിൽക്കാൻ കൊണ്ടുപോകുന്ന ഭാഗമാണ് ഇന്ന് പാടുക.