chennithala

തിരുവനന്തപുരം: കേരളതീരത്തെ ആഴക്കടലിൽ ട്രോളർ ഷിപ്പുകളുപയോഗിച്ച് മത്സ്യബന്ധനം നടത്തി സംസ്ക്കരിച്ച് വിൽപന നടത്താൻ അമേരിക്കൻ കമ്പനിയായ ഇ.എം.സി.സിക്ക് അനുമതി നൽകിയുള്ള ധാരണാപത്രം സർക്കാരിനെ വിവാദചുഴിയിലാക്കി .ഇ.എം.സി.സി.മേധാവിയും അമേരിക്കൻ പൗരനുമായ ഡുവൻ ഇ.ഗരൻസൺ കഴിഞ്ഞ ആഗസ്റ്റ് രണ്ടിന് ഫിഷറീസ് മന്ത്രി മേഴ്സിക്കുട്ടിയമ്മയ്ക്കൊപ്പം ക്ളിഫ് ഹൗസിൽ വച്ച് മുഖ്യമന്ത്രിയെ കണ്ടെന്നും, അതിനു ശേഷമാണ് ധാരണാപത്രം ഒപ്പു വച്ചതെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്നലെ ആരോപണമുന്നയിച്ചു.സംസ്ഥാന വ്യവസായ വികസന കോർപറേഷൻ ഇ.എം.സി.സി.യുമായി ഒപ്പുവച്ച ധാരണാപത്രത്തിന്റെയും, അവർക്ക് ആലപ്പുഴയിലെ പള്ളിപ്പുറത്ത് സീഫുഡ് സംസ്ക്കരണശാല തുടങ്ങാൻ 5.48 കോടി രൂപയ്ക്ക് മുപ്പതുവർഷത്തേക്ക് സ്ഥലം അനുവദിച്ചതിന്റെയും പകർപ്പും അദ്ദേഹം പുറത്തുവിട്ടു. അതേ സമയം,ക്ളിഫ് ഹൗസിൽ വച്ച് ഗരൻസൺ തനിക്കൊപ്പം മുഖ്യമന്ത്രിയെ കണ്ടുവെന്ന ആരോപണം ഫിഷറീസ് മന്ത്രി മേഴ്സിക്കുട്ടിയമ്മ നിഷേധിച്ചു.പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും ഇ.എം.സി.സി. പ്രതിനിധികളും തമ്മിലുള്ള ഗൂഢാലോചനയാണ് ആഴക്കടൽ ആരോപണങ്ങൾക്ക് പിന്നിൽ. ഇ.എം.സി.സി പ്രതിനിധികൾ തന്നെ കണ്ടിരുന്നു. എന്നാൽ തന്നോടൊപ്പം ഇ.എം.സി.സി പ്രതിനിധികൾ മുഖ്യമന്ത്രിയെ കണ്ടുവെന്ന ചെന്നിത്തലയുടെ ആരോപണം മേഴ്സിക്കുട്ടിയമ്മ തള്ളി.

കരാറിന്റെ ഫയൽ വിളിപ്പിച്ച് മുഖ്യമന്ത്രി

അതേ സമയം,വ്യവസായ വികസന വകുപ്പ് ഇ.എം.സി.സിയുമായി ഒപ്പുവച്ച ധാരണാപത്രത്തിന്റെ ഫയൽ ഇന്നലെ മുഖ്യമന്ത്രി അടിയന്തരമായി ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ ചട്ടലംഘനമോ, നയപരമായ പ്രശ്നങ്ങളോ ഉദ്യോഗസ്ഥ തലത്തിൽ വീഴ്ചയോ ഉണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കാൻ ആവശ്യപ്പെട്ടതായാണ് വിവരം. ഉദ്യോഗസ്ഥ തലത്തിൽ വീഴ്ചയുണ്ടെങ്കിൽ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടിയെടുക്കും.

കെ.എം.എൻ. ഐ.സി. എം.ഡി. പ്രശാന്ത്, സംസ്ഥാന വ്യവസായ വികസന കോർപറേഷൻ എം. ഡി. എം.ജി.രാജമാണിക്യം എന്നിവരാണ് ഒപ്പു വച്ചത്. സർക്കാർ ഇ.എം.സി.സി.യുമായി കരാറിലേർപ്പെട്ടിട്ടില്ലെന്നും, അതിനാൽ സർക്കാർ കരാർ റദ്ദാക്കേണ്ട കാര്യമില്ലെന്നുമാണ് ഒൗദ്യോഗിക നിലപാട്.

സംസ്ഥാന മത്സ്യനയത്തിൽ മാറ്റം വരുത്തി: ചെന്നിത്തല

തിരുവനന്തപുരം: സംസ്ഥാന മത്സ്യനയത്തിൽ ഇ.എം.സി.സിക്ക് അനുകൂലമായി രണ്ടു വർഷം മുമ്പ് മാറ്റം വരുത്തിയെന്നും, അതനുസരിച്ച് അതീവ ഗൂഢമായാണ് സംസ്ഥാനത്തിനും മത്സ്യത്തൊഴിലാളികൾക്കുമെതിരായ കരാർ ഒപ്പുവച്ചതെന്നും ഇന്നലെ വാർത്താസമ്മേളനത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.

പുറംകടലിൽ ബഹുദിന മത്സ്യബന്ധനയാനങ്ങൾക്ക് ആവശ്യമായ പ്രോത്സാഹനം നൽകുന്ന തരത്തിൽ 2018ൽ മത്സ്യനയത്തിൽ നിർണ്ണായക മാറ്റം വരുത്തിയത് അമേരിക്കൻ കരാറിന് വഴിയൊ‌രുക്കാനാണ്.ആഴക്കടൽ ട്രോളിംഗിന് സംസ്ഥാനത്തെ ഭരണ,പ്രതിപക്ഷ കക്ഷികളെല്ലാം എതിരാണ്. എന്നിട്ടും, അമേരിക്കൻ കമ്പനിയുടെ നിർദ്ദേശം കൊച്ചിയിൽ നടന്ന അസന്റിൽ അംഗീകരിക്കുകയും ,അയ്യായിരത്തിലേറെ കോടിയുടെ സമഗ്രമത്സ്യബന്ധന വികസന പദ്ധതിക്ക് അംഗീകാരം നൽകുകയും ചെയ്തു. ഇതുപ്രകാരം പള്ളിപ്പുറത്ത് നാലേക്കർ സ്ഥലവും അനുവദിച്ചു.എന്നിട്ടും മുഖ്യമന്ത്രിയും ഫിഷറീസ് മന്ത്രിയും വ്യവസായ മന്ത്രിയും പലതും ജനങ്ങളിൽ നിന്ന് മറച്ചുവെയ്ക്കാനാണ് ശ്രമിക്കുന്നത്. ഉദ്യോഗസ്ഥരെ ബലിയാടാക്കി രക്ഷപ്പെടാനാണ് ശ്രമം. കൈകൾ ശുദ്ധമെങ്കിൽ ഇ.എം.സി.സിയുമായുള്ള ധാരണാപത്രവും പള്ളിപ്പുറത്ത് സ്ഥലം അനുവദിച്ച നടപടിയും റദ്ദാക്കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു.