ksrtc

തിരുവനന്തപുരം: സ്വിഫ്ട് കമ്പനിയുടെ പ്രാരംഭ നടപടികൾ ആരംഭിക്കുന്നതോടൊപ്പം, കെ.എസ്.ആർ.ടി.സിയിലെ അംഗീകൃത തൊഴിലാളി സംഘടനകളുമായി ശമ്പള പരിഷ്കരണ ചർച്ചകളും ആരംഭിക്കും. ശമ്പള പരിഷ്കരണം ജൂണിൽ നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചതിനു പിന്നാലെയാണിത് .

നാളെ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്ന പ്രതിപക്ഷ അംഗീകൃത തൊഴിലാളി സംഘടനകളായ ടി.ഡി.എഫ്, കെ.എസ്.ടി എംപ്ലോയീസ് സംഘ് ഭാരവാഹികളുമായി ഇന്ന് നടക്കുന്ന ചർച്ചയിൽ സർക്കാർ തീരുമാനം സി.എം.ഡി ബിജു പ്രഭാകർ വിശദീകരിക്കും. തിരഞ്ഞെടുപ്പ് അടുത്തു വരുന്ന സാഹചര്യത്തിൽ സംഘടനകൾ പണിമുടക്ക് പിൻവലിക്കാനുള്ള സാദ്ധ്യത കുറവാണ്.

അംഗീകൃത തൊഴിലാളി സംഘടനകൾ നൽകുന്ന ശമ്പള പരിഷ്കരണ ശുപാർശ കൂടി കണക്കിലെടുത്ത് അവയിൽ ആവശ്യമായ മാറ്റം വരുത്തിയാണ് ഗതാഗത വകുപ്പ് ശമ്പള പരിഷ്കരണ റിപ്പോർട്ട് തയ്യാറാക്കുന്നത്. ഈ മാസം പ്രാരംഭ നടപടികൾ ആരംഭിക്കും.

അതേ സമയം, ഈ സർക്കാരിന്റെ കാലാവധി അവസാനിക്കുന്നതു വരെ ശമ്പളം, പെൻഷൻ എന്നിവ മുടങ്ങാതെ വിതരണം ചെയ്യുന്ന കാര്യത്തിൽ ഗതാഗത ,ധനകാര്യ വകുപ്പുകൾ തമ്മിൽ ധാരണയിലെത്തിയിട്ടുണ്ട്. പങ്കാളിത്ത പെൻഷൻ, ക്ഷാമബത്ത കുടിശിക തുടങ്ങിയവ അടച്ചു തീർക്കുന്നതിന് 250 കോടിയുടെ ധനസഹായം ധനകാര്യ വകുപ്പിനോട് കെ.എസ്.ആർ.ടി.സി തേടിയിട്ടുണ്ട്. 2013 നുശേഷം പങ്കാളിത്ത പെൻഷൻ വിഹിതം കെ.എസ്.ആർ.ടി.സി കൃത്യമായി അടച്ചിരുന്നില്ല. ലോക്ക് ഡൗണിനു ശേഷം കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ശമ്പളം നൽകുന്നത് സർക്കാരാണ്.

''വരുമാനം വർദ്ധിപ്പിച്ചാലേ.കെ.എസ്.ആർ.ടി.സിക്ക് മുന്നോട്ടു പോകാനാവൂ. ഈ പ്രതിസന്ധി ഘട്ടത്തിലും ജീവനക്കാരോടൊപ്പമാണ് സർക്കാർ നിന്നത്. '

'- എ.കെ.ശശീന്ദ്രൻ,​

ഗതാഗത മന്ത്രി