
തിരുവനന്തപുരം: മെഡിക്കൽ കോളേജിൽ രോഗങ്ങളെക്കുറിച്ചുള്ള ഗവേഷണങ്ങൾക്ക് സീബ്രാഫിഷ് ഉപയോഗിക്കുന്ന പരീക്ഷണങ്ങൾക്ക് തുടക്കമായി. പുതിയ സീബ്രാഫിഷ് റിസർച്ച് ഫെസിലിറ്റി സംവിധാനത്തിന്റെ ഉദ്ഘാടനം കഴിഞ്ഞദിവസം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചിരുന്നു. എലികളെയും മുയലുകളെയും മറ്റും പരമാവധി ഒഴിവാക്കിയാണ് പുതിയ പരീക്ഷണം ആരംഭിക്കുന്നത്. അനാട്ടമി വിഭാഗത്തിൽ അസുഖങ്ങളുടെ കാരണം, മരുന്നുകളുടെ പ്രവർത്തനം, പാർശ്വഫലങ്ങൾ ഇവയെലാം പരീക്ഷിക്കുന്നത് എലികളിലും മുയലുകളിലുമാണ്. ഇവയിലെ പരീക്ഷണം പൂർത്തിയാക്കാൻ ആറുമാസമെങ്കിലും വേണ്ടിവരും. എന്നാൽ സീബ്രാഫിഷ് ഉപയോഗിച്ചുള്ള പരീക്ഷണത്തിന് ആഴ്ചകൾ മതിയാകും. 27 കോടിയോളം രൂപ ചെലവഴിച്ചാണ് മൾട്ടി ഡിസിപ്ലിനറി റിസർച്ച് ലാബ് സജ്ജമാക്കിയത്. സീബ്രാഫിഷ് വളർത്തുന്നതിന് ആധുനിക സജ്ജീകരണങ്ങളോടെയുള്ള പൂർണമായും ഓട്ടോമേറ്റിക് സംവിധാനത്തിൽ പ്രവർത്തിക്കുന്ന ഹൗസിംഗ് സിസ്റ്റവും പരീക്ഷണത്തിനാവശ്യമായ മൈക്രോ ഇൻജക്ടർ തുടങ്ങിയ ഉപകരണങ്ങളും ഇവിടെയുണ്ട്. ജനിതക രോഗങ്ങൾ കണ്ടെത്തുന്നതിനുള്ള പരീക്ഷണങ്ങളും ഇവിടെ നടത്താൻ കഴിയും. പത്തോളജി വിഭാഗം മേധാവി ഡോ. ജി. കൃഷ്‌ണയാണ് മൾട്ടി റിസർച്ച് യൂണിറ്റിന്റെ നോഡൽ ഓഫീസർ.