
കാട്ടാക്കട: എസ്.ഐ ചമഞ്ഞ് തട്ടുകടയിൽ നിന്നു പണവും സാധനങ്ങളും തട്ടിയെടുത്ത യുവാവ് പിടിയിൽ. തിരുവനന്തപുരം നാലാഞ്ചിറ എസ്.ആർ.എ 67ൽ താമസക്കാരനായ ശ്രീജിത്ത്(34) ആണ് ആര്യനാട് പൊലീസിന്റെ പിടിയിലായത്. ഇക്കഴിഞ്ഞ 18ന് ഉഴമലയ്ക്കൽ എലിയാവൂരിൽ തട്ടുകട നടത്തുന്ന സിദ്ദിഖിന്റെ കടയിൽ എത്തിയ ശ്രീജിത്ത് താൻ കാട്ടാക്കട സ്റ്റേഷനിൽ ചാർജ് എടുത്ത എസ്.ഐ ആണെന്നും ഉടൻ തന്നെ ആര്യനാട് ചാർജ് എടുക്കുമെന്നും പറഞ്ഞു വിശ്വസിപ്പിച്ച് 500 രൂപയും അത്രയും രൂപയ്ക്ക് സാധനങ്ങളും വാങ്ങി. ഇതിനിടെ കടയിൽ ഉണ്ടായിരുന്ന സിദ്ദിഖിന്റെ സുഹൃത്തിനെ പരിചയപ്പെടുകയും നമ്പർ വാങ്ങുകയും ചെയ്തു. തുടർന്ന് അടുത്ത ദിവസം സ്റ്റേഷനിൽ നിന്നുവരുന്ന വഴി കാർ കേടായി എന്നു പറഞ്ഞ് അരുണിനെ വിളിച്ചു 1000 രൂപ എത്തിക്കാൻ ആവശ്യപ്പെട്ടു. ഇതിൻപ്രകാരം അരുൺ തുക എത്തിക്കുകയും ചെയ്തു. ഉച്ച കഴിഞ്ഞ് വീണ്ടും അരുണിനെ വിളിച്ച് തുക ആവശ്യപ്പെട്ടതോടെ സംശയം തോന്നി ആര്യനാട് സബ് ഇൻസ്പെക്ടർ ബി. രമേശനെ വിവരം അറിയിക്കുകയും കാട്ടാക്കട ഡി.വൈ.എസ്.പി എസ്. ഷാജിയുടെ നേതൃത്വത്തിലുള്ള പൊലീസ് ഒരുക്കിയ കെണിയിൽ ഇയാളെ കുടുക്കുകയുമായിരുന്നു. തട്ടിപ്പിനായി ഉപയോഗിച്ച സ്കൂട്ടറും പൊലീസ് കണ്ടെടുത്തു. ഇയാളെ കുറിച്ച് കൂടുതൽ അന്വേഷണം ആരംഭിച്ചു.പ്രതിയെ റിമാൻഡ് ചെയ്തു.